‘സിനിമയെ സിനിമയായി കാണണം’; വെട്ടും മുൻപ് എമ്പുരാൻ കണ്ട് വേണുഗോപാലും ഗോവിന്ദനും റിയാസും

തിരുവനന്തപുരം / കോഴിക്കോട് ∙ എമ്പുരാനെതിരായ വിവാദങ്ങൾക്കിടെ സിനിമ കണ്ട് കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംഘടിത ആക്രമണം നടത്തുന്നത് എന്തിനെന്ന ഉത്തരം ഈ സിനിമ കണ്ടപ്പോൾ തനിക്ക് ലഭിച്ചുവെന്ന് കെ.സി. വേണുഗോപാൽ. വൻ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയാണ് ഈ സിനിമയ്ക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണെന്നും വേണുഗോപാൽ പറഞ്ഞു. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. അവ രണ്ടും ഒരുപോലെ അപകടകരവും സാധാരണക്കാരായ മനുഷ്യരെ തകർക്കുന്നതുമാണ്. കേരളത്തിൽ കുറെക്കാലമായി സംഘപരിവാർ സ്വയം പ്രചരിപ്പിക്കുന്നത് അവർ വിശുദ്ധപശുക്കളും ഹിന്ദുക്കളുടെ സംരക്ഷകരും സമാധാനകാംക്ഷികളുമാണെന്ന നരേറ്റീവാണ്. ആ നരേറ്റീവിനെ ഇല്ലാതാക്കുന്നതാണ് ഈ സിനിമ. അതുകൊണ്ട് ഈ സിനിമ ആളുകൾ കാണുന്നതിനെ സംഘപരിവാർ ഭയപ്പെടുന്നത്. സിനിമയുടെ ആവിഷ്കാരം സംഘപരിവാറിന്റെ അജണ്ടകൾക്ക് എതിരാണ് എന്നും വേണുഗോപാൽ ആരോപിച്ചു. തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സംഘപരിവാറിന്റേത്. പൃഥ്വിരാജിനെതിരെ സംഘപരിവാർ മാധ്യമങ്ങൾ അഴിച്ചുവിട്ടത് കൃത്യമായ ആക്രമണമാണ്. ആർഎസ്എസ് മുഖപത്രം ഓർഗനൈസർ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയതെന്നും വേണുഗോപാൽ പറഞ്ഞു.
Source link