ഉത്തരക്കടലാസ് കാണാതായ സംഭവം : വിദ്യാർത്ഥികളുടെ സൗകര്യം നോക്കി പ്രത്യേക പരീക്ഷ

വി.സി വിളിച്ച ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: കേരള സർവകലാശാലയിലെ 71എം.ബി.എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ അദ്ധ്യാപകന്റെ പക്കൽ നിന്ന് നഷ്ടമായതിനെ തുടർന്നുള്ള പ്രത്യേക പരീക്ഷ വിദ്യാർത്ഥികളുടെ സൗകര്യ പ്രകാരം നടത്തും.
2022-24ബാച്ചിലെ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ പ്രോജക്ട് ഫിനാൻസ് പേപ്പറിന്റെ ഉത്തരക്കടലാസാണ് നഷ്ടമായത്. ഏപ്രിൽ ഏഴിനാണ് പരീക്ഷ നിശ്ചയിച്ചതെങ്കിലും വിദേശത്തടക്കം ജോലി ചെയ്യുന്നവർക്ക് എത്താനുള്ള സൗകര്യം കൂടി നോക്കിയാവും പരീക്ഷ നടത്തുകയെന്ന് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ ‘കേരളകൗമുദി’യോട് പറഞ്ഞു. പരീക്ഷയ്ക്കെത്താൻ കഴിയാത്തവർക്ക് രണ്ടാമതൊരു അവസരം നൽകുന്നതും പരിഗണനയിലാണ്. മൂന്നു ദിവസത്തിനകം ഫലം പ്രഖ്യാപിക്കാനും വേഗത്തിൽ സർട്ടിഫിക്കറ്റ് നൽകാനും വി.സി നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേക പരീക്ഷ നടത്താതെ മുൻ സെമസ്റ്ററുകളുടെ മാർക്കിന്റെ ശരാശരി നൽകണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മുൻപരീക്ഷകളിൽ പരാജയപ്പെട്ടവരും ഹാജരാവാത്തവരുമുള്ളതിനാൽ ശരാശരി മാർക്ക് നൽകുക പ്രായോഗികമല്ലെന്ന് സർവകലാശാല പറയുന്നു. എല്ലാവരെയും വിജയിപ്പിക്കുന്നതും തെറ്റായ കീഴ്‌വഴക്കമായിരിക്കും.
ഉത്തരക്കടലാസുകൾ നഷ്ടമായായത് ചർച്ച ചെയ്യാൻ വി.സി വിളിച്ച ഉന്നതതല യോഗം ഇന്ന് രാവിലെ പത്തരയ്ക്ക് ചേരും. രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, പരീക്ഷാവിഭാഗത്തിലെ ഉദ്യോഗസ്ഥർ, കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ എന്നിവർ പങ്കെടുക്കും. ഇനി പ്രസിദ്ധീകരിക്കാനുള്ള പരീക്ഷാഫലങ്ങളുടെ വിവരങ്ങൾ ഹാജരാക്കാൻ വി.സി നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളും നൽകും. ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിന് അയയ്ക്കുന്നതിൽ താമസമുണ്ടാവുന്നെന്ന പരാതിയും,ഉത്തരക്കടലാസ് നഷ്ടമായെന്ന് അദ്ധ്യാപകൻ അറിയിച്ചിട്ടും തുടർ നടപടികൾ മൂന്നു മാസം വൈകിയതും ചർച്ചചെയ്യും.
ഉത്തരക്കടലാസ് നഷ്ടമായതിനാൽ 2022-24ബാച്ചിലെ വിദ്യാർത്ഥികളുടെ മൂന്ന്, നാല് സെമസ്റ്റർ ഫലം ഇതുവരെ പ്രസിദ്ധീകരിക്കാനായിരുന്നില്ല. പരീക്ഷാഫലം വരുന്നതിനനുസരിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന വ്യവസ്ഥയിൽ പലരും വിദേശത്തടക്കം ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. മൂന്നാം സെമസ്റ്റർ പൂർത്തിയായി 11മാസത്തിനു ശേഷം വീണ്ടും അതേ പരീക്ഷയെഴുതേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ. പ്രത്യേക പുന:പരീക്ഷയ്ക്ക് ഹാജരാവാൻ യൂണിവേഴ്സിറ്റി ഇ-മെയിൽ അയച്ചിരുന്നു. ഇതേത്തുടർന്ന് വിദ്യാർത്ഥികൾ സർവകലാശാലയിലെത്തി അന്വേഷിച്ചപ്പോഴാണ് ഉത്തരക്കടലാസ് നഷ്ടമായെന്ന് അറിയിച്ചത്.
Source link