കൊവിഡ് നയതന്ത്രം മികച്ചത് — മോദി പ്രശംസയുമായി വീണ്ടും ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ വീണ്ടും പ്രശംസിച്ച് ശശി തരൂർ എം.പി. കൊവിഡ് കാലത്ത് ഇന്ത്യ നടപ്പാക്കിയ വാക‌്‌സിൻ നയതന്ത്രം അന്താരാഷ്‌ട്ര നേതൃത്വ മികവിന്റെ തെളിവാണെന്ന് തരൂർ ഒരു ഇംഗ്ളീഷ് പ്രസിദ്ധീകരണത്തിലെ ലേഖനത്തിൽ എഴുതി.
പ്രധാനമന്ത്രിയുടെ പേരു പറയാതെയായിരുന്നു പ്രശംസ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ അടക്കം ബി.ജെ.പി നേതാക്കൾ പിന്തുണച്ചപ്പോൾ കോൺഗ്രസ് മൗനം പാലിച്ചു.
കൊവിഡ് ഭീകരത നടമാടിയപ്പോൾ വേറിട്ടുനിൽക്കുന്നതായിരുന്നു 100ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിനുകൾ വിതരണം ചെയ്ത നടപടി. ഏറ്റവും പ്രധാനപ്പെട്ട സമയത്ത് സഹായഹസ്തം നീട്ടിയ ഇന്ത്യയുടേത് അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമാണ്. ദക്ഷിണേഷ്യയിലും ആഫ്രിക്കയിലും ചൈനയുടെ സ്വാധീനത്തെ മറികടക്കുന്നതായിരുന്നു ഇന്ത്യയുടെ നയതന്ത്രം.
നേപ്പാൾ, മാലദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഡോക്ടർമാരെ അയച്ചതിനെയും ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് ഓൺലൈൻ പരിശീലനം നൽകിയതിനെയും തരൂർ പ്രശംസിച്ചു. അന്താരാഷ്‌ട്ര കൂട്ടായ്‌മകൾ വഴി ആരോഗ്യ ആശങ്കകൾ പരിഹരിക്കാനും ഇന്ത്യ ശ്രമിച്ചു. അതേസമയം 2020 മാർച്ച് 24 ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കഷ്ടപ്പാടും നഷ്ടവും നിറഞ്ഞതായിരുന്നെന്നും തരൂർ പറഞ്ഞുവച്ചു.
മോദിയുടെ റഷ്യ-യുക്രെയിൻ നയത്തെയും യു.എസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്‌ചയെയും കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ വ്യവസായ നയത്തെയും പ്രശംസിച്ച തരൂരിന്റെ നടപടി പാർട്ടിയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
കോൺഗ്രസ് നേതാക്കൾ എതിർത്ത കേന്ദ്ര സർക്കാരിന്റെ കൊവിഡ് നയത്തെയാണ് തരൂർ പ്രശംസിച്ചത്
– രാജീവ് ചന്ദ്രശേഖർ
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
Source link