ബോംബിട്ടാൽ തിരിച്ചടിക്കും: ഖമനെയ്

ടെഹ്റാൻ: അമേരിക്ക ഇറാനിൽ ബോംബിട്ടാൽ ശക്തമായ തിരിച്ചടി നല്കുമെന്ന് ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്. ആണവകരാർ സംബന്ധിച്ച ചർച്ചയ്ക്കു തയാറായില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഞാറാഴ്ച ഭീഷണി മുഴക്കിയതിനു മറുപടി നല്കുകയായിരുന്നു ഖമനയ്. മാർച്ചിൽ ഇറേനിയൻ നേതൃത്വത്തിനയച്ച കത്തിലെ ക്ഷണം സ്വീകരിച്ച് രണ്ടു മാസത്തിനുള്ളിൽ ചർച്ചയ്ക്കു തയാറാകണമെന്നാണു ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക ഇറാനെ ആക്രമിക്കാൻ സാധ്യതയില്ലെന്നാണു ഖമനെയ് ഇന്നലെ അഭിപ്രായപ്പെട്ടത്.എന്തെങ്കിലും ഉപദ്രവത്തിന് അമേരിക്ക മുതിർന്നാൽ ഇറാന്റെ തിരിച്ചടി ശക്തമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ഇറേനിയൻ വിദേശകാര്യമന്ത്രാലയം ഇന്നലെ, അമേരിക്കയെ ഇറാനിൽ പ്രതിനിധീകരിക്കുന്ന സ്വിസ് അംബാസഡറെ വിളിച്ചുവരുത്തി താക്കീത് ചെയ്യുകയുമുണ്ടായി. അമേരിക്കയുമായി നേരിട്ടു ചർച്ചകൾക്കില്ലെന്ന് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. പക്ഷേ, പരോക്ഷ ചർച്ചകളാകാമെന്നും പറഞ്ഞു.
Source link