‘ആശ’മാർ നിരാശർ; മുടി മുറിച്ചിട്ടും മുഖം നൽകാതെ സർക്കാർ; കടുത്ത വഴികളിലേക്ക് തള്ളിവിടരുതെന്ന് അപേക്ഷ

തിരുവനന്തപുരം ∙ ആശമാരുടെ 50–ാം ദിവസത്തെ സമരമുഖം ആവേശത്തിനൊപ്പം ഏറെ വൈകാരികവുമായിരുന്നു. രാവിലെ തന്നെ സമരവേദിയിൽ എത്തിയ സ്ത്രീകൾ മുടി അഴിച്ചിട്ടാണ് ഇരുന്നിരുന്നത്. ഏറെ ഇഷ്ടപ്പെട്ട് പരിപാലിച്ചിരുന്ന മുടി കുറച്ചു സമയത്തിനുള്ളിൽ ഇല്ലാതാകുമെന്ന വിഷമത്തിനപ്പുറം സർക്കാരിലുണ്ടായ പ്രതീക്ഷ തീർത്തും ഇല്ലാതായതിന്റെ സങ്കടമായിരുന്നു പലരുടേയും മുഖത്ത്. കുറച്ചു സമയം കൂടി മാത്രമേ ഈ മുടി നമുക്കൊപ്പമുള്ളൂവെന്നും അഴിച്ചിട്ട മുടിയുമായി സെക്രട്ടേറിയറ്റിനു മുന്നിലൂടെ പ്രകടനം നടത്താമെന്നും നേതാക്കളുടെ അറിയിപ്പു വന്നു. അതോടെ എല്ലാവരും ഒത്തുചേർന്ന് മുടി അഴിച്ചിട്ട് നഗരവീഥി ചുറ്റി വീണ്ടും സമരവേദിയിലെത്തി.11 മണിയോടെ കയ്യിൽ കരുതിയിരുന്ന കത്രികകൾ ഉപയോഗിച്ച് നേതാക്കൾ ഉൾപ്പെടെ മുടി മുറിച്ചു തുടങ്ങി. മറ്റുള്ളവർ മുടി മുറിക്കുന്നത് കണ്ടു പിന്നിൽനിന്ന ആശമാരുടെ കണ്ണുനിറഞ്ഞു. മുഖംപൊത്തി പലരും വിതുമ്പി. ഇതിനിടെ ഒരു ഭാഗത്ത് അപ്രതീക്ഷിതമായി ഒരു ആശാ പ്രവർത്തക തലമുടി മുഴുവൻ മുറിച്ചുമാറ്റാൻ സന്നദ്ധയായി എത്തി. തല മുണ്ഡനം ചെയ്യുന്നതിനിടെ മാധ്യമങ്ങൾക്കു മുന്നിൽ പലവട്ടം അവർ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പാവങ്ങളോട് ഈ കൊടുംചതി എന്തിനാണ് ചെയ്യുന്നതെന്നും അവർ വിലപിച്ചു. ‘ഈ പാപങ്ങളൊക്കെ ഇവർ എവിടെ കൊണ്ടുപോയി തീർക്കും. മുഖ്യമന്ത്രിയും ധനമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് തങ്ങളുടെ ഈ നിലയ്ക്ക് ഉത്തരം പറയേണ്ടതെന്ന് കണ്ണീരോടെ അവർ പറഞ്ഞു’. തുടർന്ന് മറ്റു ചില സ്ത്രീകൾ കൂടി തല മുണ്ഡനം ചെയ്തു.ഇതിനിടെ ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു പുരോഹിതനും മുടിമുറിക്കാൻ രംഗത്തെത്തി. പത്തനംതിട്ട വാര്യാപുരം സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി രാജു പി.ജോർജാണ് മുടിമുറിച്ചത്. നോമ്പു കാലമാണെന്നും പാവപ്പെട്ട സ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകാനാണ് എത്തിയതെന്നും രാജു പി.ജോർജ് പറഞ്ഞു. സമരവേദിയിൽ വന്ന് ആശമാരുടെ പ്രതിഷേധം കണ്ടപ്പോഴാണ് മുടി മുറിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് മുറിച്ച മുടിയും കയ്യിൽ പിടിച്ച് ആശമാർ വീണ്ടും പ്രകടനം നടത്തി. ഇതുകൊണ്ടെങ്കിലും അധികാരികളുടെ കണ്ണു തുറക്കുമെന്നും ആവശ്യങ്ങൾ അംഗീകരിക്കും എന്നുമുള്ള പ്രതീക്ഷയാണ് സമരമുഖത്തുള്ള ആശമാർ പങ്കുവച്ചത്.
Source link