ഫണ്ട് തിരിമറി: ലെ പെന്നിനു തെരഞ്ഞെടുപ്പു വിലക്ക്

പാരീസ്: ഫ്രാൻസിലെ തീവ്രവലതുപക്ഷ നേതാവ് മരീൻ ലെ പെന്നിന്റെ രാഷ്ട്രീയ മോഹങ്ങൾക്കു തിരിച്ചടിയായി അഴിമതിക്കേസ് വിധി. യൂറോപ്യൻ യൂണിയൻ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തിയ ലെ പെന്നിനു കോടതി അഞ്ചു വർഷത്തേക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്തി. അപ്പീൽ കാലയളവിലും വിലക്ക് തുടരും.ഇതോടെ 2027ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലെ പെന്നിനു മത്സരിക്കാൻ പറ്റാതായി. നാലു വർഷത്തെ തടവുശിക്ഷയും കോടതി ലെ പെന്നിനു വിധിച്ചു. ഇതിൽ രണ്ടു വർഷത്തെ ശിക്ഷ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന രണ്ടു വർഷം ജയിലിൽ കഴിയുന്നതിനു പകരം കാലിൽ നിരീക്ഷണ സംവിധാനം ധരിച്ചാൽ മതിയാകുമെന്നാണു സൂചന.
2004 – 2016 കാലയളവിൽ യൂറോപ്യൻ യൂണിയനിൽനിന്നു ലഭിച്ച 30 ലക്ഷം യൂറോയുടെ ധനസഹായം ലെ പെന്നിന്റെ നാഷണൽ റാലി പാർട്ടി വകമാറ്റി ചെലവഴിച്ചുവെന്നാണ് ആരോപണം. യൂറോപ്യൻ പാർലമെന്റ് ജീവനക്കാർക്കു വേതനമായി ചെലവഴിക്കേണ്ടിയിരുന്ന തുക പാർട്ടി സ്റ്റാഫിനാണു നല്കിയത്. ലെ പെന്നിനു പുറമേ പാർട്ടിയുടെ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന 20 പേർകൂടി കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. അന്പത്താറുകാരിയായ ലെ പെൻ മൂന്നു തവണ ഫ്രഞ്ച് പ്രസിഡന്റാകാൻ മത്സരിച്ചു തോറ്റിരുന്നു. 2027ലും മത്സരിക്കാനാണു തീരുമാനിച്ചിരുന്നത്. ഇത് അവസാന ശ്രമമായിരിക്കുമെന്നും അവർ പറഞ്ഞിരുന്നു. ഇന്നലെ വിധിപ്രസ്താവനത്തിനു മുന്പ് ലെ പെൻ കോടതിയിൽനിന്ന് എഴുന്നേറ്റുപോയി. തന്നെയും പാർട്ടിയെയും ഭരണത്തിൽനിന്ന് അകറ്റിനിർത്താനുള്ള ഗൂഢാലോചനയാണു കേസെന്ന് അവർ മുന്പ് ആരോപിച്ചിരുന്നു.
Source link