പെരുന്നാളിന്റെ തലേന്നായിട്ട് പോലും മമ്മൂട്ടി മെസേജ് അയച്ചു, അതുകണ്ട് കണ്ണ് നിറഞ്ഞു; ഇതായിരുന്നു മെഗാസ്റ്റാറിന്റെ സന്ദേശം

എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട് മകൻ പൃഥ്വിരാജിനെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. ഈ പോസ്റ്റ് കണ്ട് മെഗാസ്റ്റാർ മമ്മൂട്ടി തനിക്ക് മെസേജ് അയച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ.
മമ്മൂട്ടിയുടെ മെസേജ് കണ്ട് കണ്ണുനിറഞ്ഞെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ‘എന്റെ ഫോണിൽ മെസേജുകളും കോളുകളും നിറയുകയാണ്. അക്കൂട്ടത്തിൽ മമ്മൂട്ടിയുടെ മെസേജും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു അസുഖവുമില്ല. കുടുംബത്തിനൊപ്പം ചെന്നൈയിൽ വിശ്രമിക്കുകയാണ്. ഇന്ന് പെരുന്നാളാണ്.
പെരുന്നാളിന്റെ തലേന്ന് പോലും മമ്മൂട്ടി മെസേജ് അയച്ചു. ഇതൊക്കെ വിട്ടുകളയൂ ചേച്ചി എന്ന അർത്ഥത്തിൽ ചില ഇമോജികൾ ചേർത്താണ് മെസേജ് അയച്ചത്. ഈ സമയത്ത് സുകുമാരന്റെ കുടുംബത്തിന് വിഷമമാകും എന്ന് അദ്ദേഹത്തിന് തോന്നിയല്ലോ. അതാണ് അദ്ദേഹത്തിന്റെ നന്മ. മമ്മൂട്ടിക്ക് സർവ സൗഖ്യവും ഉണ്ടാകട്ടെ.’- മല്ലിക സുകുമാരൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം, വിഷയത്തിൽ തിരക്കഥാകൃത്ത് മുരളി ഗോപി ഇപ്പോഴും മൗനം തുടരുകയാണ്. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പങ്കുവച്ച പോസ്റ്റ് പൃഥ്വിരാജ് ഷെയർ ചെയ്‌തിരുന്നു. എന്നാൽ മുരളി ഗോപി പോസ്റ്റ് ഷെയർ ചെയ്തില്ല. അൽപം മുമ്പ് മുരളി ഗോപി ചെറിയ പെരുന്നാൾ ആശംസ നേർന്നുകൊണ്ട് ഒരു പോസ്റ്റ് ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനുതാഴെ നിരവധി പേർ എമ്പുരാനെക്കുറിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
Source link