KERALAM

‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കത്തിവയ്പ്പാണ് റീ സെൻസറിംഗ്, തന്റേടത്തോടെ എമ്പുരാൻ ചെയ്ത പൃഥ്വിരാജിന് അഭിവാദ്യം’

തിരുവനന്തപുരം: വിവാദത്തിലായ എമ്പുരാൻ സിനിമ എല്ലാവരും കാണണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഒരു ഭാഗവും സിനിമയിൽ നിന്ന് മുറിച്ചുമാറ്റേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യർ ഒന്നാണെന്ന ആശയം തരുന്ന സിനിമയാണ് എമ്പുരാനെന്നും തന്റേടത്തോടെ സിനിമ ചെയ്ത പൃഥ്വിരാജിന് അഭിവാദ്യമെന്നും സജി ചെറിയാൻ പറഞ്ഞു.

‘എല്ലാവരെയും സിനിമ വിമർശിക്കുന്നുണ്ട്. ഒരു ഭാഗവും സിനിമയിൽ നിന്ന് മുറിച്ചുമാറ്റേണ്ടതില്ല. തന്റേടത്തോടെ സിനിമ ചെയ്ത പൃഥ്വിരാജിന് അഭിവാദ്യം. കേരളത്തിൽ ഇറങ്ങിയതിൽ വച്ച് വ്യത്യസ്തമായ സിനിമയാണ് എമ്പുരാൻ. ലോക സിനിമയോട് കിടപിടിക്കുന്ന സിനിമയിൽ സാമൂഹികമായ പല പ്രശ്‌നങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ജനങ്ങൾ കാണേണ്ട സിനിമയാണ്. സിനിമയാകുമ്പോൾ സാമൂഹിക പ്രശ്‌നങ്ങൾ പലതും ഉന്നയിക്കും. കലാരൂപത്തെ കലാരൂപമായി കണ്ട് ആസ്വദിക്കണം. നമ്മളെല്ലാവരും ഒന്നാണ്, ഇന്ത്യക്കാരാണ് എന്നാണ് സിനിമയുടെ ആശയം. അതിൽ കത്തിവയ്ക്കേണ്ടതില്ല.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കത്തിവയ്പ്പാണ് റീ സെൻസറിംഗ്. ഇതിനു മുൻപ് ഇതിനേക്കാൾ ശക്തമായ പ്രമേയങ്ങൾ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. തെറ്റിധാരണയുണ്ടാക്കി ആളുകൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ല. എല്ലാവരും സിനിമ കാണണം. വർഗീയത അപകടമാണ്. വർഗീയതയ്‌ക്കെതിരായ ആശയ പ്രചാരണം നടത്താൻ എമ്പുരാൻ ടീം മുന്നോട്ട് വന്നതിനെ അഭിനന്ദിക്കുന്നു. മോഹൻലാലിന്റെ ഖേദപ്രകടനം അദ്ദേഹത്തിന്റെ അഭിപ്രായമാണ്’- സജി ചെറിയാൻ പറഞ്ഞു.

എമ്പുരാൻ സിനിമയുടെ വിവാദവുമായി ബന്ധപ്പെട്ട് നടൻ ആസിഫ് അലിയും പ്രതികരിച്ചിരുന്നു. നേരിട്ട് പറയാൻ ധെെര്യമില്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നുവെന്നും സിനിമയെ സിനിമയായി കാണണമെന്നും ആസിഫ് അലി പറഞ്ഞു.


Source link

Related Articles

Back to top button