വഖഫ് : കെ.സി.ബി.സി നിലപാടിനെ അനുകൂലിച്ച് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്ലിന് അനൂകൂലമായി കേരളത്തിലെ എം.പിമാർ പാർലമെന്റിൽ നിലപാട് സ്വീകരിക്കണമെന്ന കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെ (കെ.സി.ബി.സി) ആഹ്വാനത്തെ പിന്താങ്ങി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. . മുനമ്പത്തെ ജനങ്ങളും, കർണാടകയിലെ കർഷകരും ഉൾപ്പെടെ ബുദ്ധിമുട്ടുന്ന വിഷയമാണ്. പ്രീണന രാഷ്ട്രീയത്തിനായി വിഷയത്തെ ഉപയോഗിക്കരുത്. ബില്ലിനെ പിന്തുണയ്‌ക്കണമെന്നാണ് കേരളത്തിലെ എല്ലാ എംപിമാരോടും തനിക്കും അഭ്യർത്ഥിക്കാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന് വേണ്ടി
എന്തിനും തയാർ
കേരളത്തിന്റെ പ്രശ്‌നങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രിക്കും ഗവർണർക്കുമൊപ്പം താനുമുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ, അതിനിടയിൽ രാഷ്ട്രീയം കൊണ്ടുവന്ന് ബി.ജെ.പിയെ പന്തടിക്കാൻ വിട്ടുകൊടുക്കില്ല. വികസിത ഭാരതമുണ്ടാകുമ്പോൾ വികസിത കേരളവുമുണ്ടാകണം. ‘എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം’ എന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്. കേരളത്തെ അതിൽ നിന്നു മാറ്റി നിർത്താൻ കഴിയില്ല. കേരളത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ്.ആശാ വർക്കർമാർക്ക് സംസ്ഥാനം കൊടുക്കേണ്ട പണം കൊടുത്താൽ എന്താണ് ? കേന്ദ്ര-സംസ്ഥാന തർക്കമുണ്ടെങ്കിൽ ആശാ വർക്കർമാരാണോ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 12 മുതൽ യാത്ര നടത്തും.
Source link