KERALAM

മൂന്നുമാസത്തിനകം പരിഹാരം: അങ്കണവാടി ജീവനക്കാർ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരം അങ്കണവാടി ജീവനക്കാർ അവസാനിപ്പിച്ചു. മൂന്ന് മാസത്തിനുള്ളിൽ വിഷയം പഠിച്ച് പ്രശ്നം പരിഹരിക്കാമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നൽകിയ ഉറപ്പ്. ഇതോടെ, 13 ദിവസമായി നടന്നുവന്ന സമരം അവസാനിപ്പിക്കുകയായിരുന്നു.

ധനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ആരോഗ്യമന്ത്രി വീണാജോർജ് ഓൺലൈനായി പങ്കെടുത്തു.

വിഷയം പഠിക്കാൻ പത്ത് ദിവസത്തിനുള്ളിൽ കമ്മിറ്റിയെ നിയോഗിക്കും. കമ്മിറ്റി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. മൂന്ന് മാസത്തിനകം ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തുമെന്ന് മുന്നറിയിപ്പ് നൽകിയാണ് സമരക്കാർ മടങ്ങിയത്.

സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,​ മിനിമം വേതനം 21000 രൂപയാക്കുക,​ വേതനം ഒറ്റത്തവണയായി നൽകുക,​ വിരമിക്കൽ ആനുകൂല്യം നൽകുക,​ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക തുടങ്ങി പത്ത് ആവശ്യങ്ങളുന്നയിച്ചായിരുന്നു ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ളോയീസ് ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി)​ നേതൃത്വത്തിൽ സമരം.

ചർച്ചയിൽ ഫെഡറേഷൻ പ്രസിഡന്റ് അജയ് തറയിൽ, ഓർഗനൈസിംഗ് സെക്രട്ടറി നന്ദിയോട് ജീവകുമാർ, വൈസ് പ്രസിഡന്റ് അന്ന എബ്രഹാം, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിതാ വി.കുമാർ, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എസ്.ടി.യു ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഓണറേറിയം അഞ്ചാം

തീയതിക്കുള്ളിൽ

#ഓണറേറിയം എല്ലാമാസവും അഞ്ചാം തീയതിക്കുള്ളിൽ നൽകും.

# സംസ്ഥാന ജീവനക്കാരായി അംഗീകരിക്കാനും ഓണറേറിയം വർദ്ധിപ്പിക്കാനും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും.

# കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി ആരംഭിച്ചു.

# മാർച്ച് 31 വരെയുള്ള പെൻഷൻ കുടിശിക അക്കൗണ്ടിലേക്ക് കൈമാറി,​ പെൻഷൻപറ്റിയ ജീവനക്കാരുടെ 37 കോടിയുടെ ആനുകൂല്യ കുടിശിക കൊടുത്ത് തീർക്കും.

# അങ്കണവാടികൾ പ്രവർത്തിക്കാനുള്ള ഫണ്ട് നൽകേണ്ടത് നിർവഹണ ഉദ്യോഗസ്ഥനാണ്. അത് നിരീക്ഷിക്കാൻ ജില്ലാ പ്രോഗ്രാം ഓഫീസർക്ക് നിർദ്ദേശം നൽകി.

 അങ്കണവാടി പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന കാസ് ഫോണുകൾ പ്രവർത്തനരഹിതമായതിനാൽ പകരം ഫോൺ നൽകും.


Source link

Related Articles

Back to top button