KERALAMLATEST NEWS

മലയാളിക്ക് ഒഴിച്ചു കൂടാനാവാത്ത ഇനം, വില കിലോയ്ക്ക് 280നും മുകളിൽ, അടുക്കള ബഡ്ജറ്റിന്റെ താളംതെറ്റും

കണ്ണൂർ: പിടികൊടുക്കാതെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഉയരുന്നത് അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 53 രൂപയായിരുന്ന തേങ്ങയുടെ ഇപ്പോഴത്തെ വില 61നും 65നും ഇടയിലാണ്. ചില്ലറ വിൽപ്പനയിൽ ഗ്രാമങ്ങളിലെ വില 65നും 70നും ഇടയിലും. വെളിച്ചെണ്ണയുടെ വില 225നും 250നും ഇടയിലുണ്ടായത് ഇപ്പോൾ 280 നും മുകളിലാണ്. വെളിച്ചെണ്ണയ്ക്ക് ഏകദേശം 35 രൂപയുടെ വിലവർദ്ധന സംസ്ഥാനത്തൊട്ടാകെ ഉണ്ടായതായാണ് വിപണി കണക്കുകൾ പറയുന്നത്.

ഉയർന്ന വില കൊടുത്ത് തേങ്ങ വാങ്ങുന്നതിന് പുറമെ കച്ചവടക്കാരന്റെ താൽപ്പര്യാനുസരണം വാങ്ങേണ്ടിയും വരുന്നു എന്നാണ് ജനങ്ങൾ പറയുന്നത്. തിരഞ്ഞെടുത്ത് വാങ്ങാനോ ഗുണനിലവാരം നോക്കാനോ കഴിയുന്നില്ലെന്നും പരാതി ഉയരുന്നു.

തേങ്ങയുടെ ഉത്പാദനത്തിലുണ്ടായ കുറവാണ് വിപണിയിൽ പ്രതിഫലിക്കന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. ജനുവരിയിൽ തേങ്ങയുടെ വില അറുപതിനോട് അടുത്തിരുന്നെങ്കിലും ദീപാവലി സീസൺ കഴിഞ്ഞതോടെ വില കുറഞ്ഞിരുന്നു. എന്നാൽ വിഷു അടക്കമുള്ള ആഘോഷങ്ങൾ വരാനിരിക്കെ,​ ഈ വില വർദ്ധനവ് ആശങ്കയോടെയാണ് ജനം കാണുന്നത്. അവശ്യാനുസരണം തേങ്ങയോ കൊപ്രയോ ലഭിക്കാത്തതാണ് വെളിച്ചണ്ണ വിലയിലുണ്ടായ ഉയർച്ചയ്ക്ക് കാരണം. നാട്ടിൽ നിന്നുള്ള തേങ്ങയ്ക്ക് പുറമെ വെളിച്ചെണ്ണ ഉത്പാദകർ ആശ്രയിക്കുന്നത് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള കൊപ്രയാണ്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ തേങ്ങ ഉത്പാദനം ഗണ്യമായി കുറഞ്ഞതും വിനയായിയിരിക്കുകയാണ്. ജില്ലയിൽ ഉത്പാദിപ്പിക്കുന്ന തേങ്ങ കറിക്കും മറ്റ് ആവശ്യങ്ങൾക്കും തികയാത്ത അവസ്ഥയുമുണ്ട്. അതുകൊണ്ട് തന്നെ കയറ്റി അയയ്ക്കാനോ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാനോ കഴിയാത്ത സ്ഥിതിയുമാണ്.

തേങ്ങ ഉത്പാദനത്തിൽ

90 % കുറവ്

മുൻ വർഷങ്ങളെ അപേക്ഷിച്ച് തേങ്ങ ഉത്പാദനത്തിൽ തൊണ്ണൂറ് ശതമാനത്തിന്റെ കുറവ് വന്നതായാണ് കർഷകരും അഭിപ്രായപ്പെടുന്നത്. മലഞ്ചരയ്ക്ക് വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് 300 മുതൽ 500 ലോഡ് വരെ കയറ്റി അയയ്ക്കുന്നത് ഈ വർഷം ഒരു ലോഡിലേക്ക് ചുരുങ്ങിയതായാണ് വ്യാപാരികൾ പറയുന്നത്. കാലങ്ങളായുള്ള തേങ്ങയുടെ വിലയിടിവ് കർഷകരെ തെങ്ങ് കൃഷിയിൽ നിന്നും പിന്നോട്ടടിപ്പിച്ചിരുന്നു. അതോടെ വിലയുള്ള ഘട്ടം വന്നതോടെ വിളയില്ലാതാവുകയും ചെയ്തു. ഇതിനു പുറമെ രണ്ട് വർഷം മുന്നെയുണ്ടായ വരൾച്ചയും ചൂടും ഉത്പാദനത്തെ ബാധിച്ചിരിക്കാം എന്നും വിദഗ്ദ്ധർ പറയുന്നു. (24 മാസം മുതൽ 36 മാസം വരെയാണ് തെങ്ങിന്റെ ഗർഭകാലം). വില ഇനിയും ഉയർന്നേക്കുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.

61 രൂപയ്ക്കാണ് തേങ്ങ വിൽക്കുന്നത്. വാങ്ങാൻ വരുന്നവർ ബുദ്ധിമുട്ട് പറയാറുണ്ട്,​ പക്ഷേ ഞങ്ങൾ നിസ്സഹായരാണ്. തേങ്ങ മാർക്കറ്റിലേക്ക് എത്തുന്നത് കുറവാണ്. മാത്രമല്ല ഉയർന്ന തുക കൊടുക്കേണ്ടിയും വരുന്നു

സി.കെ രമേശൻ (വ്യാപാരി പയ്യന്നൂർ)


Source link

Related Articles

Back to top button