INDIA

ടെസ്റ്റ് ഡ്രൈവിൽ പണി പാളി, നിർമാണ തൊഴിലാളികളെ ഇടിച്ചു തെറിപ്പിച്ച് ‘അജ്ഞാതൻ’; ആഡംബര കാർ യൂട്യൂബറുടേത്


ന്യൂഡൽഹി∙ നോയിഡയിൽ നിർമാണ തൊഴിലാളികളെ ഇടിച്ചു തെറിപ്പിച്ച ആഡംബര കാറിന്റെ ഉടമ യുട്യൂബർ. ഞായറാഴ്ചയാണ് സെക്ടർ 94ൽ രണ്ടു പേരെ ആഡംബര കാർ ഇടിച്ചു തെറിപ്പിച്ചത്. മൃദുൽ തിവാരി എന്ന യുട്യൂബറുടെ കാറാണ് തൊഴിലാളികളെ ഇടിച്ചു തെറിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുട്യൂബിൽ 19 ദശലക്ഷം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് മൃദുൽ. അതേസമയം, അപകടസമയത്ത് മൃദുൽ അല്ല വാഹനമോടിച്ചിരുന്നത് എന്നാണ് വിവരം. അജ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡംബര കാർ ഡീലറായ ദീപക്കാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ എഫ്ഐആറിൽ ഇയാളുടെ പേര് ‘അജ്ഞാതൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരാതിക്കാരനു വാഹനം ഓടിച്ചിരുന്ന ആളുടെ പേരോ, വിവരമോ അറിയാത്തതിനാലാണ് അജ്ഞാതൻ എന്നെഴുതി ചേർത്തതെന്ന് പൊലീസ് പറഞ്ഞു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും മറ്റുള്ളവർക്ക് അപകടമുണ്ടാക്കിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലംബോർഗിനി വിൽക്കാൻ ആഗ്രഹിച്ചിരുന്ന മൃദുൽ, ദീപക്കുമായി സംസാരിച്ചിരുന്നു. ടെസ്റ്റ് ഡ്രൈവിനായി കാർ കൊണ്ടു പോകുന്നതിനിടെയാണ് റോഡരികിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളെ കാർ ഇടിച്ചു തെറിപ്പിച്ചത്. അന്വേഷണത്തിൽ കാറിനു തകരാറുണ്ടായിരുന്നെന്നും മറ്റും കണ്ടെത്തിയാൽ മൃദുൽ തിവാരി നിയമനടപടി നേരിടേണ്ടി വരുമെന്നും നിയമ വിദഗ്ധർ പറയുന്നു.


Source link

Related Articles

Back to top button