HEALTH

ബ്രസീലിലെ വവ്വാലുകളില്‍ പുതിയ കൊറോണ വൈറസ്‌; വരുമോ മറ്റൊരു മഹാമാരി?


വര്‍ഷം അഞ്ചായെങ്കിലും കോവിഡ്‌ മഹാമാരി സൃഷ്ടിച്ച ഭീതിയുടെയും ദുഖത്തിന്റെയും നഷ്ടങ്ങളുടെയും അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. പിന്നിട്ട ആ മഹാമാരി നാളുകളുടെ ആശങ്ക നിറഞ്ഞ ഓര്‍മ്മകളെ വീണ്ടും തട്ടിയുണര്‍ത്തുകയാണ്‌ ബ്രസീലിലെ സിയറ സംസ്ഥാനത്ത്‌ വവ്വാലുകളില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ്‌. ബ്രസീല്‍,ഹോങ്കോങ്‌ സര്‍വകലാശാലകളിലെ ഗവേഷകര്‍ കണ്ടെത്തിയ ഈ പുതിയ വൈറസിന്‌ മെര്‍സ്‌-കോവിയുമായി അടുത്ത ബന്ധമുണ്ട്‌. മിഡില്‍ ഈസ്‌റ്റ്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോമിന്‌ കാരണമായ വൈറസാണ്‌ മെര്‍സ്‌-കോവി. പുതിയ വൈറസ്‌ മനുഷ്യരെ ബാധിക്കുമോ എന്ന്‌ കണ്ടെത്താനുള്ള പഠനങ്ങളിലാണ്‌ ഗവേഷകര്‍.മോളോസസ്‌ മോളോസസ്‌ എന്ന പ്രാണികളെ തിന്നുന്ന വവ്വാലുകളിലും ആര്‍ട്ടിബ്യൂസ്‌ ലിറ്റുറാറ്റസ്‌ എന്ന പഴംതീനി വവ്വാലുകളിലുമാണ്‌ പുതിയ കൊറോണ വൈറസ്‌ കണ്ടെത്തിയത്‌. മെര്‍സ്‌-കോവി വൈറസിന്റെ 71.9 ശതമാനം ജനിതകഘടനും പുതിയ വൈറസ്‌ പങ്കുവയ്‌ക്കുന്നതായി ഗവേഷകര്‍ പറയുന്നു. വൈറസിനെ കോശങ്ങള്‍ക്കുള്ളില്‍ കടക്കാന്‍ സഹായിക്കുന്ന സ്‌പൈക്‌ പ്രോട്ടീന്‍ ഘടനയിലും 71.74 ശതമാനം സാദൃശ്യമുണ്ട്‌. നിലവില്‍ ഈ പുതിയ വൈറസ്‌ മനുഷ്യരിലേക്ക്‌ പകരുമെന്നതിന്‌ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഇത്‌ സംബന്ധിച്ച പഠനങ്ങള്‍ തുടരുന്നതേയുള്ളൂ എന്നും ഗവേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ബ്രൂണ സ്റ്റെഫാനി സില്‍വേറിയോ പറയുന്നു. ഹോങ്കോങ്‌ സര്‍വകലാശാലയിലെ ഹൈ ബയോസെക്യൂരിറ്റി ലാബുകളിലാണ്‌ പഠനം പുരോഗമിക്കുന്നത്‌.


Source link

Related Articles

Back to top button