ഭർത്താവിന്റെ ക്രൂര മർദ്ദനം ദൃശ്യം പുറത്തുവിട്ട് വീട്ടമ്മ

കോട്ടയം: കോടതി വിലക്കിയിട്ടും വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിക്കുന്നതായി ഏറ്റുമാനൂർ മന്നാമല സ്വദേശിയും 48 കാരിയുമായ വീട്ടമ്മയുടെ പരാതി. മദ്യത്തിന് അടിമയായ ഭർത്താവ് ജോമോനെതിരെയാണ് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. ഭർത്തൃ മാതാവും ജോമോന്റെ സഹോദരിമാരും മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയിലുണ്ട്.
അടുത്തിടെ ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിന് മുന്നിൽച്ചാടി യുവതി ജീവനൊടുക്കിയത് പോലെ ചെയ്യാനാണ് ജോമോൻ പറയുന്നതെന്നും പരാതിയിൽ പറയുന്നു. നേരത്തെ 19 കാരിയായ മൂത്ത മകളെയും തന്നെയും നിരന്തരം മർദ്ദിച്ചതിനെ തുടർന്ന് വീട്ടമ്മയുടെ പരാതിയിൽ ജോമോനെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷവും മർദ്ദനം തുടരുന്നുവെന്നാണ് പരാതി. അതിനിടെ ഭർത്താവിൽ നിന്ന് സംരക്ഷണംതേടി കോടതിയേയും സമീപിച്ചു. തുടർന്ന് ജോമോൻ വീട്ടിൽ എത്തുന്നത് കോടതി വിലക്കിയിരുന്നു. ഇത് ലംഘിച്ച് എത്തുന്ന ജോമോൻ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കും. വീട്ടമ്മയെയും ഇളയമകളെയും മുറിക്കുള്ളിൽ പൂട്ടിയിടും.
വിദേശത്ത് നഴ്‌സായിരുന്നു വീട്ടമ്മ. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കുന്നത് മുടങ്ങിയിരുന്നു. തുടർന്നാണ് പ്രശ്‌നങ്ങളുണ്ടായത്. ഹോംഅപ്ലൈയൻസ് ഡിസ്ട്രിബ്യൂട്ടറായിരുന്ന ജോമോൻ വീട്ടമ്മയറിയാതെ വീട് ജോമോന്റെ അമ്മയുടെ പേരിലേക്ക് മാറ്റിയെഴുതി. പിന്നീട് ജോമോന്റെ മൂത്തസഹോദരിയുടെ പേരിലേയ്ക്കും മാറ്റി.
മക്കളെ ജോമോൻ ഇറക്കിവിട്ടതിനെ തുടർന്ന് വീട്ടമ്മയുടെ മാതാപിതാക്കളുടെ സംരക്ഷണയിലായിരുന്നു. തുടർന്നാണ് വീട്ടമ്മ വിദേശത്ത് നിന്നെത്തിയത്. മൂത്തമകൾ ഇപ്പോൾ പോളണ്ടിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്.
Source link