33 നില കെട്ടിടം സെക്കൻഡുകൾക്കുള്ളിൽ വീണു; മറ്റുള്ളവയ്ക്ക് പ്രശ്നമില്ല: ചൈനീസ് നിർമാണ കമ്പനിക്കെതിരെ അന്വേഷണം

ബാങ്കോക്ക്∙ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ തായ്‌ലൻഡിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം തകർന്ന സംഭവത്തിൽ അന്വേഷണം. ചൈനീസ് ബന്ധമുള്ള കെട്ടിടനിർമാതാക്കളാണ് ഇതു നിർമിച്ചത്. ഭൂകമ്പത്തിൽ വെറും സെക്കൻഡുകൾക്കുള്ളിലാണ് കെട്ടിടം നാമാവശേഷമായത്. പൊടിയും അവശിഷ്ടങ്ങളും ബാക്കിയാക്കിയ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിപ്പോയിരുന്നു. നിർമാണത്തിലിരിക്കുന്ന നിരവധി കെട്ടിടങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുപോലെ തകർച്ച സംഭവിച്ച മറ്റൊരു കെട്ടിടവും ബാങ്കോക്കിൽ ഇല്ല. അതുകൊണ്ടു നിർമാണത്തിൽ പാളിച്ച വന്നിട്ടുണ്ടെന്നാണു നിഗമനം. 45 മില്യൻ പൗണ്ടിൽ അധികമാണ് മൂന്നു വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന ഈ കെട്ടിടത്തിനായി തായ്‌ലൻഡ് വകയിരുത്തിയിരിക്കുന്നത്. തായ്‌ലൻഡിന്റെ സ്റ്റേറ്റ് ഓഡിറ്റ് ഓഫിസിന്റെയാണ് (എസ്എഒ) കെട്ടിടം. സംഭവത്തിൽ തായ്‌ലൻഡ് ഉപപ്രധാനമന്ത്രി അനുടിൻ ചാൺവിരാകുൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളിൽ വിദഗ്ധർ അടങ്ങുന്ന സംഘം കെട്ടിടത്തിന്റെ തകർച്ചയുടെ കാരണം കണ്ടെത്തണമെന്നാണ് നിർദേശം.എസ്എഒ കെട്ടിടം ഇറ്റാലിയൻ – തായ് ഡെവലപ്മെന്റ് പിഎസിയുടെയും ചൈന റെയിൽവേ നമ്പർ 10 (തായ്‌ലൻഡ്) ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ്. 2018ലാണ് ചൈന റെയിൽവേ നമ്പർ 10 (തായ്‌ലൻഡ്) ലിമിറ്റഡ് സ്ഥാപിച്ചത്. വലിയ നിർമാണ പ്രോജക്ടുകളുടെ കോൺട്രാക്ടർ ആയാണ് പ്രവർത്തനം.
Source link