പ്രധാനമന്ത്രിയായശേഷം ആദ്യമായി മോദി ആർഎസ്എസ് ആസ്ഥാനത്ത്

നാഗ്പൂർ: പ്രധാന മന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനമായ ഡോ.ഹെഡ്ഗേവാർ സ്മൃതിമന്ദിർ സന്ദർശിച്ചു. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാർ, എം.എസ്. ഗോൾവാക്കർ എന്നിവരുടെ സ്മൃതി മന്ദിരങ്ങളിൽ പൂക്കൾ അർപ്പിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ അനശ്വര സംസ്കാരത്തിന്റെ ആൽമരമാണ് ആർഎസ്എസ് എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ആർഎസ്എസ് ഭാരവാഹികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തി. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, മുൻ ജനറൽസെക്രട്ടറി ഭയ്യാജി ജോഷി, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
തുടർന്ന് ഗോള്‍വാക്കറുടെ പേരിലുള്ള നേത്രചികിത്സാസ്ഥാനപത്തിന്റെ നവീകരണോദ്ഘാടനവും നിർവഹിച്ചു. നാഗ്പുർ സന്ദർശനത്തിനിടെ ഭരണഘടനാശില്പി ഡോ. ബി.ആര്. അംബേദ്കര്‍ 1956ല്‍ അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയിലും പ്രധാനമന്ത്രി സന്ദർശനം നടത്തി. പ്രധാനമന്ത്രിയായശേഷം ആദ്യമായാണു മോദി ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത്. പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 2000ല്‍ എ.ബി. വാജ്പേയിയും ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു.
Source link