KERALAM

നാഗ്പൂരിലെ ആസ്ഥാനം സന്ദർശിച്ച് മോദി, ആർ.എസ്.എസ് അനശ്വര സംസ്‌കാരത്തിന്റെ ആൽമരം

നാഗ്പൂരിലെ മാധവ് നേത്ര രോഗ ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സമീപം.

 2024ൽ പ്രധാനമന്ത്രിയായ ശേഷം ആദ്യ സന്ദർശനം

ന്യൂഡൽഹി: നാഗ്പൂരിലെ ആ‌ർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ അനശ്വര സംസ്‌കാരത്തിന്റെ ആൽമരമാണ് ആർ.എസ്.എസെന്ന് മോദി പറഞ്ഞു. 2014ൽ പ്രധാനമന്ത്രിയായ ശേഷം ആ‌ർ.എസ്.എസ് ആസ്ഥാനത്ത് മോദിയുടെ ആദ്യ സന്ദർശനമാണിത്.

സംഘടനയുടെ സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്ഗെവാർ, രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന ഗുരുജി എന്ന് വിശേഷിക്കപ്പെടുന്ന എം.എസ്. ഗോൾവാൾക്കർ എന്നിവരുടെ സ്‌മൃതി കുടീരങ്ങളിലെത്തി പുഷ്‌പങ്ങളർപ്പിച്ച് പ്രാർത്ഥിച്ചു. ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരും സന്നിഹിതരായിരുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ആർ.എസ്.എസുമായി അഭിപ്രായഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മോദിയുടെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. തർക്കങ്ങളുണ്ടെങ്കിൽ തന്നെ അദ്ദേഹത്തിന്റെ സന്ദർശനം മഞ്ഞുരുക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. സിറ്റിംഗ് പ്രധാനമന്ത്രി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2000ൽ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയ് തന്റെ മൂന്നാം ടേമിൽ അവിടെയെത്തിയിരുന്നു.

 പ്രചോദനവും ശക്തിയും

ഹെഡ്ഗെവാറും ഗോൾവാൾക്കറും നൽകിയ ചിന്തകൾ തനിക്ക് പ്രചോദനവും ശക്തിയുമാണെന്ന് മോദി വ്യക്തമാക്കി. രാജ്യത്തിനായി സ്വയമർപ്പിച്ച് ജീവിക്കുന്ന ലക്ഷകണക്കിന് സ്വയംസേവകർക്ക് പ്രചോദനമാണ് സ്‌മൃതി കുടീരങ്ങളെന്നും പറഞ്ഞു. നാഗ്പൂരിലെ മാധവ് നേത്ര രോഗ പ്രീമിയം സെന്റർ ആശുപത്രിയുടെ ശിലാസ്ഥാപനം മോദി നിർവഹിച്ചു.

 ദീക്ഷഭൂമിയിലും

ഡോ. ബി.ആർ.അംബേദ്കർ അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയും മോദി സന്ദർശിച്ചു. ഇവിടുത്തെ പവിത്രമായ അന്തരീക്ഷത്തിൽ, അംബേദ്കർ മുന്നോട്ടുവച്ച സാമൂഹിക ഐക്യം, സമത്വം, നീതി എന്നീ തത്വങ്ങൾ അനുഭവിക്കാൻ കഴിയുമെന്ന് സന്ദർശക ഡയറിയിൽ മോദി എഴുതി. നാഗ്പൂരിലെ സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് ഫെസിലിറ്റിയും സന്ദർശിച്ചു. പുതിയ എയർസ്ട്രിപ് ഉദ്ഘാടനം ചെയ്‌തു.


Source link

Related Articles

Back to top button