സെൻസർ ബോർഡിൽ സംഘപരിവാർ പ്രതിനിധികൾ ഉൾപ്പെടെ ഉണ്ടായിട്ടും എമ്പുരാനിൽ കട്ട് ചെയ്തത് ആ രണ്ട് രംഗങ്ങൾ, രേഖകൾ പുറത്ത്

ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന പൃഥ്വിരാജ്- മോഹൻലാൽ ചിത്രം എമ്പുരാൻ കഴിഞ്ഞദിവസമാണ് തിയേറ്ററുകളിലെത്തിയത്. റെക്കാഡുകൾ ഭേദിച്ചെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതിനിടെ സിനിമയുടെ സെൻസറിംഗ് വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. എമ്പുരാനിൽ രണ്ട് ഭാഗങ്ങൾക്ക് മാത്രമാണ് സെൻസർ ബോർഡ് കട്ട് നിർദേശിച്ചത് എന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. സിനിമയെക്കുറിച്ച് വിമർശനം ഉന്നയിക്കുന്ന സംഘപരിവാർ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരാണ് സെൻസർ ബോർഡ് അംഗങ്ങൾ.
സ്ത്രീകൾക്കെതിരായുള്ള അതിക്രമ രംഗങ്ങളുടെ ദൈർഘ്യം കുറയ്ക്കണമെന്നതായിരുന്നു സെൻസർ ബോർഡിന്റെ ആദ്യ നിർദേശം. ദേശീയപതാകയെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കാനായിരുന്നു മറ്റൊരു നിർദേശം.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27നാണ് റിലീസ് ചെയ്തത്. എമ്പുരാൻ സിനിമയിലെ സംഘപരിവാർ വിമർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സംഘപരിവാർ സംഘടനകൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന സിനിമയ്ക്ക് ഇടതുപക്ഷ, കോൺഗ്രസ് അനുഭാവികൾ വലിയ പിന്തുണയും നൽകുന്നുണ്ട്. ബിജെപി നേതാക്കളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.
എമ്പുരാൻ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിന്റെ വിദേശബന്ധങ്ങൾ ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേശ് ആവശ്യപ്പെട്ടിരുന്നു. ആടുജീവിതത്തിന്റെ ഷൂട്ടിനിടെ ജോർദാനിൽ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കണമെന്ന് കെ ഗണേശ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആവശ്യപ്പെട്ടത്.
എമ്പുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹൻലാലിന്റെ ലെഫ്‌റ്റനന്റ് കേണൽ പദവി തിരികെ വാങ്ങണമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം സി രഘുനാഥ് ആവശ്യപ്പെട്ടിരുന്നു. ലെഫ്. കേണൽ പദവി ഒഴിവാക്കാൻ കോടതിയിൽ പോകുമെന്നും സി രഘുനാഥ് പറഞ്ഞു.
Source link