‘കത്രിക കാണിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമായോ, മോഹൻലാൽ ചിന്തിക്കണം; സിനിമാലോകം ബിജെപി ഭരണത്തിനു കീഴില്‍’

തിരുവനന്തപുരം ∙ ആരെങ്കിലും കത്രിക കാണിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമായോ എന്ന് മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇല്ലാത്ത നേരമുണ്ടാക്കി താന്‍ സിനിമ കണ്ടത് കത്രിക വയ്ക്കുംമുന്‍പ് കാണാനുള്ള തന്റെ അവകാശത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.‘‘കത്രിക വയ്ക്കും മുന്‍പ് ഒന്ന് കണുക എന്നത് ഒരു സിനിമാ പ്രേമിയുടെ അവകാശമാണ്. അതുകൊണ്ട് വന്നതാണ്. സെന്‍സറിങ് ഒന്ന് കഴിഞ്ഞു. അത് എല്ലായ്‌പോഴും ഉള്ളതാണ്. ഇപ്പോള്‍ രണ്ടാം സെന്‍സറിങ് വരാന്‍ പോകുന്നു. വൊളന്ററി സെന്‍സറിങ് എന്താണെന്ന് മനസിലായിട്ടില്ല. എന്തായാലും ചരിത്രവും സത്യവുമൊന്നും ആര്‍ക്കും കത്രികകൊണ്ടോ വാളുകൊണ്ടോ വെട്ടിമാറ്റാന്‍ പറ്റില്ല.ഈ സിനിമയിലെ പത്തോ പതിനേഴോ സീനുകള്‍ വെട്ടിമാറ്റിയതുകൊണ്ട് ആ സംഭവത്തിന്റെ സത്യങ്ങളൊന്നും മാഞ്ഞുപോകാന്‍ പോകുന്നില്ല. ഗുജറാത്ത് കലാപവും ആ കലാപത്തിന്റെ പുറകിലെ പങ്കാളികളും അവരുടെ രാഷ്ട്രീയത്തിന്റെ നിറവുമെല്ലാം ഇന്ത്യയ്ക്കറിയാം. എംപുരാന്‍ സിനിമയില്‍ അത് തൽക്കാലം വെട്ടിമാറ്റി, ആ ഭാഗം ഒഴിവാക്കി കാണിച്ചാലും ആ സത്യമൊന്നും മാഞ്ഞുപോകാന്‍ പോകുന്നില്ല. സത്യം ഏത് കത്രികയേക്കാളും വലുതാണ് ഒരു വലിയ കലാകാരനെ ഇങ്ങനെയൊരു അവസ്ഥയിലേയ്ക്ക് എത്തിക്കാന്‍ പാടില്ലായിരുന്നു.
Source link