‘പണ്ടാണ് ഓച്ഛാനിച്ച് നിന്നിരുന്നത്, കേരളത്തിൽ വിലപ്പോകില്ല; ആരൊക്കെ അച്ഛന് വിളിച്ചാലും, ഒറ്റ അച്ഛന് പിറന്നവർ മുന്നോട്ട്’

എമ്പുരാൻ സംബന്ധിച്ച വിവാദങ്ങൾ കൊഴുക്കവേ ചിത്രത്തിനെ പിന്തുണച്ച് നടി സീമ ജി നായർ. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നിൽ അടിയറവ് വയ്ക്കാൻ ഉള്ളതല്ല. സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ താരം കുറിച്ചത്. എമ്പുരാൻ സിനിമയിലെ സംഘപരിവാർ വിമർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സംഘപരിവാർ സംഘടനകൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. പിന്നാലെ ചിത്രത്തിൽ മാറ്റങ്ങൾ വരുത്താൻ ധാരണയായിരിക്കുകയാണ്. നിർമാതാക്കളുടെ ആവശ്യപ്രകാരം പതിനേഴിലേറെ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആരെ പേടിക്കാനാണ്, ധൈര്യമായിട്ടു മുന്നോട്ട്. എത്രയൊക്കെ ഹേറ്റ് ക്യാമ്പെയിൻ വന്നാലും കാണേണ്ടവർ ഇത് കാണും. പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നിൽക്കുന്ന കാലഘട്ടം, ഇപ്പോൾ ഒരുപാട് ദൂരം മുന്നോട്ടു പോയിരിക്കുന്നു. ആരെ, ആരാണ് പേടിക്കേണ്ടത്, കൈകെട്ടി, കഴുത്തു കുനിച്ചു നിർത്തി, കഴുത്തു വെട്ടുന്ന രീതി അത് കേരളത്തിൽ വിലപ്പോകില്ല, ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നിൽ അടിയറവ് വയ്ക്കാൻ ഉള്ളതല്ല, പറയേണ്ടപ്പോൾ, പറയേണ്ടത്, പറയാൻ ധൈര്യം കാണിച്ച നിങ്ങൾക്കിരിക്കട്ടെ.
ഇവിടെ ആർക്കാണ് പൊള്ളിയത്, ആരുടെ പേര് ആരെങ്കിലും പറഞ്ഞോ, കോഴി കട്ടവന്റെ തലയിൽ പപ്പാണെന്നും പറഞ്ഞു എന്തിനീ ബഹളം. സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ. ഇതിനിടയിൽ തമ്മിൽ അടിപ്പിക്കാൻ വെമ്പൽ കൊള്ളുന്നവർ വളരെയേറെ. നന്നായി ആലോചിച്ചിട്ടാണി പോസ്റ്റ്. പോരട്ടങ്ങനെ പോരട്ടെ, തെറി കൂമ്പാരങ്ങൾ പോരട്ടെ.
എല്ലാവർക്കും എന്തോ കൊള്ളുന്നുവെങ്കിൽ അതിൽ എന്തോ ഇല്ലേ. ഒന്നും ഇല്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ. ആരൊക്കെ ആരുടെ അച്ഛന് വിളിച്ചാലും,ഒറ്റ അച്ഛന് പിറന്നവർ മുന്നോട്ട്. (തെറി പാർസെലിൽ വരുന്നുണ്ട്, പോസ്റ്റ് ഇട്ടതെ ഉള്ളു, സൂപ്പർ ആണ്. എന്റെ പ്രിയപ്പെട്ടവർ ആരും കമന്റ് വായിക്കല്ലേ. കുറച്ചൊക്കെ ഞാൻ റിപ്ലൈ കൊടുക്കുന്നുണ്ട്. ഉറക്കം വരുമ്പോൾ പോയി കിടക്കുമെ.. എന്റെ പൊന്നോ എന്റെ അപ്പൂപ്പൻ വരെ പരലോകത്തു നിന്ന് ഇറങ്ങി വരും) അത്രയ്ക്കും ഉണ്ട്. പറ്റാത്തത് ഞാൻ ഡിലീറ്റ് ചെയ്യുമേ
Source link