ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കണമെന്ന് വാൻസ്

വാഷിംഗ്ടൺ ഡിസി: യെമൻ ആക്രമണപദ്ധതി ചർച്ചചെയ്ത ഗ്രൂപ്പ് ചാറ്റ് ചോർന്ന വിഷയത്തിൽ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ പുറത്താക്കണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ബുധനാഴ്ച വൈറ്റ്ഹൗസിൽ നടന്ന രഹസ്യ കൂടിക്കാഴ്ചയിലാണ് വാൻസ് ഇക്കാര്യം ആവശ്യപ്പെട്ടത്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസും വാൻസിന്റെ നിർദേശത്തെ പിന്തുണച്ചു. എന്നാൽ, മൈക്ക് വാൾട്സിന് അബദ്ധം പറ്റിയെന്ന ു സമ്മതിച്ച ട്രംപ് പുറത്താക്കാൻ വിസമ്മതിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സിഗ്നൽ ആപ്പിൽ നടന്ന ഗ്രൂപ്പ് ചാറ്റിൽ മാധ്യമപ്രവർത്തകനായ ജഫ്രി ഗോൾഡ്ബെർഗിനെ അബദ്ധത്തിൽ ഉൾപ്പെടുത്തിയതാണ് ചോർച്ചയ്ക്കു കാരണം. യെമനിലെ ഹൂതി വിമതർക്കെതിരേ അമേരിക്ക നടത്താൻ പോകുന്ന ആക്രമണം സംബന്ധിച്ച രഹസ്യവിവരങ്ങൾ ചാറ്റിൽ ചർച്ച ചെയ്തിരുന്നു. ജഫ്രി തന്റെ ലേഖനത്തിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിക്കുകയായിരുന്നു. ചോർച്ചയുടെ ഉത്തരവാദിത്വം വാൾട്സ് ഏറ്റെടുത്തിരുന്നു. വാൻസിനു പുറമേ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഗ്രൂപ്പ് ചാറ്റിൽ പങ്കെടുത്തിരുന്നു. അതേസമയം, രഹസ്യവിവരങ്ങളൊന്നും ചോർന്നിട്ടില്ലാത്തതിനാൽ സുരക്ഷാ വീഴ്ച ഉണ്ടായില്ലെന്നാണ് ട്രംപ് ഇക്കാര്യത്തിൽ അഭിപ്രായപ്പെട്ടത്.
Source link