ജയം തുടർന്ന് ബാഴ്സ

ബാഴ്സലോണ/ മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ മുന്നേറ്റം തുടർന്ന് ബാഴ്സലോണ. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോൾ മികവിൽ ബാഴ്സലോണ 4-1ന് ജിറോണയെ തോൽപ്പിച്ചു. ജയത്തോടെ ബാഴ്സ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി പോയിന്റ് വ്യത്യാസം മൂന്നാക്കി ഉയർത്തി. 29 കളിയിൽ ബാഴ്സലോണയ്ക്ക് 66 പോയിന്റും റയലിന് 63 പോയിന്റുമാണ്. 61, 77 മിനിറ്റുകളിലാണ് ലെവൻഡോവ്സ്കിയുടെ ഗോളുകൾ. ബാഴ്സയുടെ ആദ്യ ഗോൾ ലാഡിസ്ലാവിന്റെ (43’) ഓണ്ഗോളായിരുന്നു. ഒരു ഗോൾ ഫെറാൻ ടോറസും (86’) നേടി. കടുത്ത പോരാട്ടത്തിൽ പിന്നിൽനിന്നശേഷം കിലിയൻ എംബപ്പെയുടെ ഇരട്ട ഗോൾ മികവിൽ റയൽ മാഡ്രിഡ് സ്വന്തം കളത്തിൽ 3-2ന് ലെഗനസിനെ തോൽപ്പിച്ചു.
തുടക്കം മുതൽ ആധിപത്യം പുലർത്തിയ റയലിനെ പെനാൽറ്റിയിലൂടെ എംബപ്പെ (32’) മുന്നിലെത്തിച്ചു. ഡിയോഗോ ഗാർസിയ (33’) സന്ദർശകർക്കു സമനില നൽകി. 41-ാം മിനിറ്റിൽ ലെഗനസ് ഒരിക്കൽകൂടി റയലിന്റെ വല കുലുക്കി. ഡാനി റാബയാണ് ഗോൾ നേടിയത്. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റായപ്പോൾ ജൂഡ് ബെല്ലിങ്ഗം റയലിനെ ഒപ്പമെത്തിച്ചു. 76-ാം മിനിറ്റിൽ തകർപ്പനൊരു ഫ്രീകിക്കിലൂടെ എംബപ്പെ റയലിന്റെ വിജയഗോൾ നേടി. മൂന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിനെ 1-1ന് എസ്പാനിയോൾ സമനിലയിൽ കുരുക്കി. 57 പോയിന്റാണ് അത്ലറ്റിക്കോയ്ക്ക്.
Source link