INDIA

വഖഫ് ബിൽ: ബിജെപിയിൽ അഭിപ്രായവ്യത്യാസം


ന്യൂഡൽഹി∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തീരാൻ 4 ദിവസം മാത്രം ബാക്കിനിൽക്കെ, പരിഷ്കരിച്ച വഖഫ് ബില്ലിന്റെ അവതരണം സംബന്ധിച്ച് അവ്യക്തത. നടപ്പു ബജറ്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നു കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നുവെങ്കിലും ബിൽ ഈ വർഷാവസാനം നടക്കേണ്ട ബിഹാർ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ മാറ്റിവയ്ക്കണമെന്നു ബിജെപിക്കുള്ളിൽത്തെന്നെ ചിലർക്ക് അഭിപ്രായമുണ്ട്. പാർലമെന്റ് മണ്ഡല പുനർ നിർണയം, ത്രിഭാഷാ പഠന പദ്ധതി വിവാദങ്ങൾ തെക്കൻ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനു തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തൽക്കാലം വേറൊരു തലവേദന കൂടി വേണ്ടെന്നാണ് ഇവരുടെ അഭിപ്രായം. എഐഎഡിഎംകെ നേതാക്കൾ ആഭ്യന്തരമന്ത്രി അമിത് ഷായെ കഴിഞ്ഞദിവസം സന്ദർശിച്ചപ്പോൾ, ത്രിഭാഷാ വിവാദത്തിലെ ആശങ്ക അറിയിച്ചതായാണു വിവരം.വഖഫ് ബില്ലിന്റെ കാര്യത്തിൽ സഖ്യകക്ഷികളുടെ അഭിപ്രായവും ബിജെപി പരിഗണിക്കേണ്ടി വരും. പുറത്തുപറയുന്നില്ലെങ്കിലും ബിഹാറിലെ എൻഡിഎ സഖ്യകക്ഷിയായ ജെഡിയു ബില്ലിന്റെ കാര്യത്തിൽ സമ്മർദത്തിലാണ്. ബില്ലിനെതിരെ കഴിഞ്ഞദിവസം ഓൾ ഇന്ത്യ മുസ്‌ലിം പഴ്സനൽ ലോ ബോർഡ് പട്നയിൽ നടത്തിയ ധർണയിൽ ആർജെഡി നേതാക്കളായ ലാലു പ്രസാദ് യാദവും തേജസ്വി യാദവും പങ്കെടുത്തിരുന്നു. ഇത്, ജെഡിയുവിന്റെ നിലപാടിനെ സ്വാധീനിച്ചേക്കാം. എന്നാൽ, ബിൽ അവതരിപ്പിച്ചപ്പോഴും പിന്നീട് സംയുക്ത പാർലമെന്ററി സമിതി പരിഗണിച്ചപ്പോഴുമൊന്നും ജെഡിയു എതിർത്തില്ല. കഴിഞ്ഞവർഷം ഓഗസ്റ്റിലാണു വഖഫ് ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചത്. തുടർന്ന്, 31 അംഗ സംയുക്ത പാ‍ർലമെന്ററി സമിതിക്കു വിട്ടു. എൻഡിഎ അംഗങ്ങൾ നൽകിയ 14 ഭേദഗതികൾ അംഗീകരിച്ച സമിതി, പ്രതിപക്ഷാംഗങ്ങളുടെ 44 ഭേദഗതികളും തള്ളി. ഏപ്രിൽ 4 വരെയാണു ബജറ്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button