കൊങ്കൺ റെയിലിന് 96.2 കോടി നൽകി: വിഴിഞ്ഞം തുരങ്കപ്പാത അതിവേഗം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള 9.5 കി.മീ തുരങ്ക റെയിൽപ്പാതയ്ക്കായി നിർമ്മാണചുമതലയുള്ള കൊങ്കൺ റെയിൽവേയ്ക്ക് ആദ്യഗഡുവായ 96.2 കോടി കൈമാറി. ഇതോടെ ടെൻഡർ നടപടികൾ ആരംഭിച്ചു. ടെൻഡർ രേഖകൾ വിഴിഞ്ഞം തുറമുഖ കമ്പനിയുടെ വിദഗ്ദ്ധപരിശോധനയ്ക്ക് ശേഷമായിരിക്കും അംഗീകരിക്കുക. മൂന്നുമാസത്തിനകം നിർമ്മാണത്തിന് കരാർ നൽകും. 45 മാസംകൊണ്ട് തുരങ്കപാത പൂർത്തിയാക്കും.
നബാർഡിൽ നിന്നെടുത്ത 2100 കോടി വായ്പയിൽ നിന്നാണ് പണം നൽകിയത്. ബാലരാമപുരം സ്റ്റേഷനിൽ യാർഡ് നിർമ്മാണത്തിനും രണ്ട് സമാന്തര ട്രാക്കുകളടക്കം നിർമ്മിക്കാനും 243.08 കോടി രൂപ ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗത്തിന് കൈമാറി. ഇതിനെ പ്രധാന ലൈനുമായും തുരങ്കപാതയുമായും ബന്ധിപ്പിക്കാനടക്കം 11.5 ഏക്കർ സ്വകാര്യഭൂമി ഏറ്റെടുക്കാൻ 170 കോടി ജില്ലാകളക്ടർക്കും നൽകി.
തുറമുഖത്തിനടുത്തായി തുരങ്കപാത അവസാനിക്കുന്നിടത്ത് ഏറ്റെടുക്കുന്ന സ്വകാര്യഭൂമിയിൽ ഒരേക്കറോളം സ്ഥലത്ത് കട്ട് ആൻഡ് കവർ സാങ്കേതികവിദ്യയിലായിരിക്കും നിർമ്മാണം. തുരങ്കം നിർമ്മിച്ച്, മൂടിയശേഷം ഭൂമി ഉടമകളുടെ ആവശ്യത്തിനായി അവർക്കുതന്നെ വിട്ടുനൽകും. അവിടെ ഓഡിറ്റോറിയം, ജിം, പാർക്കിംഗ് ഗ്രൗണ്ട് അടക്കം നിർമ്മിക്കാം. റവന്യൂവകുപ്പിന്റെ ബീച്ച് പുറമ്പോക്ക് ഭൂമിയും തുരങ്കപാതയ്ക്ക് കൈമാറും. തുരങ്കത്തിന്റെ രണ്ട് അഗ്രങ്ങളിലുമായാണ് 11.5 ഏക്കർ ഏറ്റെടുക്കേണ്ടത്.
സുരക്ഷിതം, ആശങ്കവേണ്ട
1. ഏറ്റവും സുരക്ഷിതമായ ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ് ഉപയോഗിച്ചാണ് തുരങ്കനിർമ്മാണം. സ്ഫോടനത്തിലൂടെ പാറയും മണ്ണും പൊട്ടിച്ചല്ല തുരങ്കമുണ്ടാക്കുന്നത്. തുരക്കുന്നിടത്ത് അപ്പോൾ കോൺക്രീറ്റ്ചെയ്യും.
2. ഓൾഡ് ഡൽഹി മേഖലയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾക്ക് അടിയിലൂടെ 145 കിലോമീറ്റർ തുരങ്കപാത ഡൽഹി മെട്രോയ്ക്കുണ്ട്. രാജ്യത്താകെയുള്ള 1000 കിലോമീറ്റർ മെട്രോയിൽ 400 കിലോമീറ്ററും തുരങ്കപാതകളാണ്.
3. വീടുകൾക്കും കെട്ടിടങ്ങൾക്കും അടിയിലൂടെ തുരന്നാലും അപകട ഭീഷണിയില്ലാത്ത തുരങ്കനിർമ്മാണ രീതിയാണ് വിഴിഞ്ഞത്തുപയോഗിക്കുന്നത്. തുരങ്കത്തിന് കോൺക്രീറ്റ് ചുമരടക്കം 10 മീറ്റർ വ്യാസമുണ്ടാവും.
4. മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ കുടിവെള്ളക്ഷാമമോ തുരങ്കപാത കാരണമുണ്ടാവില്ല. മുകളിൽ റോഡും നിർമ്മാണങ്ങളുമാവാം. ആറ് കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ പഠിച്ചശേഷമാണ് പാരിസ്ഥിതിക അനുമതി കിട്ടിയത്.
1482.92 കോടി:
തുരങ്കപാതയ്ക്ക്
ആകെ ചെലവ്
10.7 കി.മീ
പാതയുടെ
ആകെ ദൈർഘ്യം
Source link