എമ്പുരാൻ വിവാദം, മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്ത് പൃഥ്വിരാജ്

എമ്പുരാൻ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ചിത്രത്തിലെ നായകൻ മോഹൻലാൽ പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്ത് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്. എൽടുഇ, എമ്പുരാൻ എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് പൃഥ്വിരാജ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘ലൂസിഫർ’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു.
രു കലാകാരൻ എന്ന നിലയിൽ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു…
സ്നേഹപൂർവ്വം മോഹൻലാൽ
എമ്പുരാൻ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചിത്രത്തിന് പിന്തുണ നൽകി രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. ഇതിനിടെ എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുകയും ചെയ്തു.
Source link