രക്ഷാപ്രവർത്തനത്തിനിടെ മ്യാൻമറിൽ വീണ്ടും ഭൂകന്പം

യാങ്കോൺ: മ്യാൻമറിൽ വെള്ളിയാഴ്ചത്തെ ഭൂകന്പത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ഇന്നലെ വീണ്ടും ഭൂകന്പമുണ്ടായി. വെള്ളിയാഴ്ചത്തെ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള മാണ്ഡലേ നഗരത്തിലാണ് ഇന്നലെ 5.1 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. എന്തെങ്കിലും അധികനാശം ഉണ്ടോയെന്നതിൽ വ്യക്തതയില്ല. ഇതിനിടെ, മരണസംഖ്യ ഇന്നലെ 1700 ആയി ഉയർന്നുവെന്നാണ് പട്ടാളഭരണകൂടത്തിന്റെ അറിയിപ്പ്. 3400 പേർക്കു പരിക്കേറ്റു. 300 പേരെ കാണാതായി. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമായി തുടരുകയാണ്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
മൊബൈൽ ടവറുകൾ അടക്കമുള്ള ആശയവിനിയമ സംവിധാനങ്ങൾ തകർന്നതും പ്രശ്നമാണ്.മാണ്ഡലേ നഗരത്തിലെ പതിനഞ്ചു ലക്ഷം വരുന്ന നിവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ തെരുവുകളിലാണ് കഴിച്ചുകൂട്ടിയത്. പാർപ്പിടങ്ങൾ തകർന്നതിനു പുറമേ തുടർചലനങ്ങളുണ്ടാകുമോ എന്ന ആശങ്കകൂടി ഇതിനു കാരണമാണ്.
Source link