ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ ദുരൂഹമരണം, സുകാന്തിന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി, നാട്ടുകാരുമായി അടുപ്പമില്ല

എടപ്പാൾ/പത്തനംതിട്ട: ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സുകാന്ത് സുരേഷ് ഒളിവിൽപോയത് മാതാപിതാക്കളോടൊപ്പമെന്ന് സൂചന. എടപ്പാൾ ശുകപുരത്തെ വീട് നാലു ദിവസമായി പൂട്ടിക്കിടക്കുകയാണ്. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണ്.
സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബമാണ് സുകാന്തിന്റേത്. കല്ല് വെട്ടാനും മറ്റും ഉപയോഗിക്കുന്ന ടൂൾസ് കട നടത്തുകയാണ് പിതാവ്. അമ്മ റിട്ടയേർഡ് അദ്ധ്യാപികയാണ്. ഏകമകനാണ് സുകാന്ത്. വിവിധ ഇടങ്ങളിലായി നിരവധി ഭൂമി സുകാന്തിന്റെ പിതാവ് വാങ്ങിയിട്ടുണ്ട്.
ഇവർ നാട്ടുകാരുമായി യാതൊരു അടുപ്പവും സൂക്ഷിച്ചിരുന്നില്ല. തൊട്ടടുത്ത് താമസിക്കുന്ന അച്ഛന്റെ സഹോദരനുമായും ഏറെനാളായി അടുപ്പത്തിലല്ല.നാട്ടിൽ സുഹൃത്തുക്കളൊന്നും സുകാന്തിനില്ലെന്നും നാട്ടുകാർ പറഞ്ഞു. ഐ.ബി ഉദ്യോഗസ്ഥനാണ് സുകാന്തെന്ന വിവരം പോലും നാട്ടുകാരിൽ പലരും അറിയുന്നത് ഇപ്പോഴാണ്. പൂജ, ജ്യോതിഷം ഉൾപ്പെടെ മതപരമായ വിശ്വാസം കാത്തുസൂക്ഷിക്കുന്നവരായിരുന്നു സുകാന്തും കുടുംബവുമെന്നും പറയപ്പെടുന്നു.
സംഭവത്തിൽ പേട്ട പൊലീസ് എസ്.എച്ച്.ഒ പ്രേംകുമാറിന്റെ നേൃത്വത്തിൽ പ്രത്യേക സംഘം കൊച്ചിയിൽ എത്തി അന്വേഷണം നടത്തും. സുകാന്തിന്റെ ഫോൺ ട്രാക്കിംഗും ആരംഭിച്ചു.
വിവാഹത്തിന് സമ്മതം, പക്ഷേ…
സുകാന്തുമായുള്ള വിവാഹം നടത്തിക്കൊടുക്കാൻ തയ്യാറായിരുന്നുവെന്നും എന്നാൽ, മകളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നും മേഘയുടെ പിതാവ് മധുസൂദനൻ പറഞ്ഞു. മകൾക്കും സുകാന്തിനും ഒരേ ജോലി ആയിരുന്നതിനാൽ ബന്ധത്തെ എതിർത്തില്ല. വിവാഹം ആലോചിക്കാൻ സുകാന്തിനെ വീട്ടിലേക്ക് ക്ഷണിക്കണമെന്ന് മകളോട് പറഞ്ഞിരുന്നു. മകൾ ക്ഷണിച്ചപ്പോൾ അയാൾ ഒഴിഞ്ഞു മാറുകയായിരുന്നു. സുകാന്തിന്റെ മാതാപിതാക്കളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല.
മരണത്തിനു ശേഷമാണ് മകൾക്ക് ലഭിച്ചിരുന്ന ശമ്പളം അയാൾ തട്ടിയെടുത്തതായി അറിഞ്ഞത്. തുടക്കത്തിൽ അരലക്ഷം രൂപയായിരുന്നു ശമ്പളം. ഒരു വർഷത്തിനുള്ളിൽ ഒന്നര ലക്ഷമായി വർദ്ധിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. മകളിൽ നിന്ന് ആദ്യം ആയിരം, രണ്ടായിരം, അയ്യായിരം എന്നിങ്ങനെയാണ് വാങ്ങിയിരുന്നത്. കഴിഞ്ഞ ഒക്ടോബർ മുതൽ മകളുടെ അക്കൗണ്ടിൽ വന്ന ശമ്പളം മുഴുവൻ സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. മൂന്നര ലക്ഷത്തോളം രൂപ അയാൾ കൈക്കലാക്കി.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മറ്റു കാര്യങ്ങളെപ്പറ്റി അറിയാൻ കഴിയൂ. മാതാപിതാക്കളുമായി വീടുവിട്ട സുകാന്ത് പുറത്തെവിടെയും പോകാൻ സാദ്ധ്യതയില്ല. പൊലീസിന്റെയും ഐ.ബിയുടെയും അന്വേഷണത്തിൽ ഇനിയും പ്രതീക്ഷയുണ്ടെന്നും മധുസൂദനൻ പറഞ്ഞു.
Source link