‘എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാം’; എമ്പുരാൻ സിനിമയ്ക്ക് പിന്നാലെ ഡോക്യുമെന്ററിയും വരുന്നു, തുറന്നുപറഞ്ഞ് പൃഥ്വിരാജ്

എമ്പുരാന്റെ മേക്കിംഗിനെക്കുറിച്ച് പറയുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിക്കാൻ ആലോചനയുണ്ടെന്ന് സംവിധായകനും നടനുമായ പൃഥ്വിരാജ്. ബുക്ക് മൈ ഷോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എമ്പുരാന്റെ മേക്കിംഗ് ഡോക്യൂമെന്ററിയാക്കണമെന്ന ആഗ്രഹം പൃഥ്വിരാജ് പങ്കുവച്ചത്. സിനിമ വൻ വിവാദങ്ങൾ നേരിടുന്നതിനിടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
‘എമ്പുരാന്റെ മേക്കിംഗ് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. നാലിലധികം രാജ്യങ്ങളിലാണ് എമ്പുരാൻ ഷൂട്ട് ചെയ്തത്. അവസരമുണ്ടായാൽ എമ്പുരാന്റെ മേക്കിംഗിനെക്കുറിച്ച് പറയുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിക്കണം. ഒരുപാട് ഫിലിം മേക്കേഴ്സിന് ഈ ഡോക്യുമെന്ററി സഹായകമാകും. അവർക്ക് ആ ഡോക്യുമെന്ററി കണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനാകും. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാമെന്നൊക്കെ അവർക്ക് അതിലൂടെ മനസിലാക്കാൻ സാധിക്കും’. – അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, വിവാദമായതിന് പിന്നാലെ മോഹൻലാൽ ചിത്രം എമ്പുരാന്റെ മൂന്നു മിനിട്ട് വരുന്ന രംഗങ്ങൾ വെട്ടിമാറ്റി. റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പ്രദർശനത്തിന് കേന്ദ്ര ഫിലിം സെൻസർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. അവധി ദിനമായിരുന്നിട്ടും അടിയന്തര യോഗം ചേർന്നാണ് സെൻസർ ബോർഡ് അനുമതി നൽകിയത്. റീ എഡിറ്റ് ചെയ്ത എമ്പുരാൻ നാളെ മുതൽ തിയേറ്ററിൽ പ്രദർശനത്തിനെത്തും എന്നാണ് വിവരം. നേരത്തെ എമ്പുരാൻ രാഷ്ട്രീയ വിവാദത്തിനു വഴിവച്ചതോടെ മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. മോഹൻലാലിന്റെ കുറിപ്പ് പങ്കുവച്ച് സംവിധായകൻ പൃഥ്വിരാജും നിലപാട് വ്യക്തമാക്കിയിരുന്നു.
Source link