KERALAMLATEST NEWS

 ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ ‘വെട്ടിയ’ എമ്പുരാൻ ഇന്നുമുതൽ

കോവളം സതീഷ്‌കുമാർ | Monday 31 March, 2025 | 12:00 AM

f

തിരുവനന്തപുരം: ‘എമ്പുരാൻ’ രാഷ്ട്രീയ വിവാദത്തിനു വഴിവച്ചതോടെ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചെങ്കിലും വിഷയം കെട്ടടങ്ങുന്നില്ല. മോഹൻലാലിന്റെ സമൂഹ മാദ്ധ്യമത്തിലെ കുറിപ്പ് പങ്കുവച്ച് സംവിധായകൻ പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയെങ്കിലും ചർച്ചകൾ തിളച്ചു മറിയുകയാണ്.

തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മോഹൻലാൽ ഫേസ് ബുക്കിൽ കുറിച്ചു.

അതിനിടെ റീ എഡിറ്റ് ചെയ്ത സിനിമ ഇന്ന് മുതൽ പ്രദർശനം തുടങ്ങും. മൂന്ന് മിനിട്ടുള്ള ഭാഗങ്ങൾ നീക്കിയെന്നാണ് വിവരം. അവധിദിവസമായിട്ടും ഇന്നലെ സെൻസർ ബോർഡ് പ്രത്യേകം യോഗം ചേർന്നാണ് തീരുമാനമെടുത്തത്. 17 സീനുകളിൽ മാറ്റം വരുത്തുന്നതോടൊപ്പം വില്ലൻ കഥാപാത്രത്തിന്റെ പേരും മാറും. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. കലാസൃഷ്ടിയുടെ ഉള്ളടക്കം തിരുത്തിക്കുന്നത് ഭീരുത്വമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്.

ആരെങ്കിലും കത്രിക കാണിക്കുമ്പോൾ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോ എന്ന് മോഹൻലാൽ സ്വയം ചിന്തിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഒരു സീൻ പോലും കട്ട് ചെയ്യരുത്, സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കണം തുടങ്ങിയ കമന്റുകൾ പൃഥ്വിരാജിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിറഞ്ഞു. കേന്ദ്ര ഏജൻസികളുടെ സമ്മർദ്ദമുണ്ടായി കാണുമെന്നായിരുന്നു കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറഞ്ഞത്.

വീണ്ടും സെൻസർ ചെയ്യുമെന്ന വാർത്ത വന്ന് ഇരുപത്തിനാലു മണിക്കൂറിനിടെ സിനിമയുടെ ബുക്കിംഗ് രണ്ടുലക്ഷം കവിഞ്ഞിരുന്നു.


Source link

Related Articles

Check Also
Close
Back to top button