മുകേഷ് അംബാനിയോ നിത അംബാനിയോ മക്കളോ അല്ല; റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളിൽ കൂടുതലും ഇവരുടെ പേരിലാണ്

മുംബയ്: ഇന്ത്യ കണ്ടതിൽ വച്ചുളള ഏറ്റവും ധനികനായ വ്യവസായിയായിരുന്നു അന്തരിച്ച ധീരുഭായ് അംബാനി. അദ്ദേഹത്തിന്റെ മകനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനിയും ലോകത്തെ അതിസമ്പന്നനായ വ്യക്തികളിൽ ഒരാളാണ്. ഫോബ്സിൽ പ്രസിദ്ധീകരിച്ച വിവരമനുസരിച്ച് അദ്ദേഹത്തിന് 92 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് വിവരം. മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കമ്പനി ബോർഡിലുളളവരാണ്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ 50.39 ശതമാനം ഓഹരിയും അംബാനി കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. അതിൽ 49.61 ശതമാനം അന്താരാഷ്ട്ര സ്ഥാപന നിക്ഷേപകർ ഉൾപ്പടെ പൊതു ഓഹരി ഉടമകളുടെ കൈവശമാണ്. ഇപ്പോഴിതാ റിലയൻസ് ഇൻഡസ്ട്രീസിൽ ഏറ്റവും കൂടുതൽ ഓഹരിയുളളത് ആർക്കാണെന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. മുകേഷ് അംബാനിയോ നിത അംബാനിയോ അതോ മൂന്ന് മക്കളിൽ ആരെങ്കിലുമാണോയെന്നാണ് ചോദ്യം.
റിലയൻസ് ഇൻഡസ്ട്രീസിൽ ഏറ്റവും കൂടുതൽ ഓഹരിയുളളത് ധീരുഭായ് അംബാനിയുടെ ഭാര്യ കോകിലാബെൻ അംബാനിയുടെ പേരിലാണ്. 1,57,41,322 ഓഹരികളാണ് അവരുടെ പേരിലുളളത്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്ന് മക്കളായ ഇഷ, ആകാശ്, അനന്ത് അംബാനി എന്നിവർക്ക് കമ്പനിയുടെ 80,52,021 ഓഹരികൾ വീതമുണ്ട്. ഇത് കമ്പനിയുടെ ഏകദേശം 0.12 ശതമാനം വീതമാണ്. നിലവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ കോകിലബെൻ അംബാനി സജീവമല്ല. ബിസിനസ് വളർച്ചയുടെ ഒരു കാലത്ത് അംബാനി കുടുംബത്തിന്റെ പ്രധാനികളിൽ ഒരാളായിരുന്നു അവർ. ഇതുവരെയായിട്ടും അവരുടെ ആകെ ആസ്തിയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ച് ഏകദേശം 18,000 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Source link