KERALAM

അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത സാധനം; ഇവിടെ വന്ന് വാങ്ങിയാൽ 80 രൂപ ലാഭിക്കാം, മായം ഒട്ടുമില്ല

ആറ്റിങ്ങൽ: സംസ്ഥാനത്ത് നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില കുത്തനെ ഉയരുമ്പോൾ ആശ്വാസമായി സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ. ആറ്റിങ്ങലിലെ എണ്ണയാട്ടു ശാലവഴി വൻ വിലക്കുറവിലാണ് സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ വെളിച്ചെണ്ണ വിൽക്കുന്നത്.

കേരജമെന്ന പേരിലാണ് വിപണനം. കമ്പോളത്തിൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 300 രൂപയോളം വില വരുമ്പോൾ ഇവിടെ 220 രൂപയ്ക്കാണ് വില്പന. കോഴിക്കോട് നാളികേര വികസന കോർപ്പറേഷൻ സംഭരിക്കുന്ന പച്ചത്തേങ്ങ പൊതിച്ച് ഉണക്കിയാണ് ആറ്റിങ്ങലിലെ എണ്ണയാട്ട് ശാലയിലെത്തുന്നത്. ഒരു കിലോ കൊപ്രയ്ക്ക് 142 രൂപയാണ് വില. ഒരു ലിറ്റർ എണ്ണ ഉത്പാദിപ്പിക്കാൻ ഒന്നരക്കിലോയോളം കൊപ്ര ആവശ്യമാണ്. ഇത് ആട്ടി രണ്ടുതവണ ഫിൽട്ടർ ചെയ്താണ് യാതൊരു കലർപ്പുമില്ലാതെ ഇവിടെ വില്പന നടത്തുന്നത്. ഒരു ലിറ്ററിന്റെയും അര ലിറ്ററിന്റെയും കുപ്പിയിൽ നിറച്ചതും, പൗച്ചും ഇവിടുത്തെ വിപണന കേന്ദ്രം വഴി വിൽക്കുന്നു. ഉത്പന്നങ്ങൾക്ക് 6 മാസം വരെ കാലാവധിയുണ്ട്.


വില്പന വില


കുപ്പിയിൽ നിറച്ചത് ലിറ്ററിന് 230 രൂപ, അരലിറ്ററിന് 120 രൂപ


പായ്ക്കറ്റ്: ലിറ്ററിന് 220 രൂപ. അരലിറ്ററിന് 115 രൂപ


ഇവയ്ക്ക് പുറമേ ലൂസായും വില്പനയുണ്ട്. കിലോയ്ക്ക് 230 രൂപ


തേങ്ങ കിലോയ്ക്ക് 90


മൂന്നരക്കിലോ പച്ചത്തേങ്ങ സംസ്കരിച്ചാൽ മാത്രമേ ഒരുകിലോ വെളിച്ചെണ്ണ ലഭിക്കൂ. നാട്ടിൽ തേങ്ങവില കിലോയ്ക്ക് 90 കഴിഞ്ഞു. തമിഴ്നാട്ടിൽ ഇപ്പോൾ തേങ്ങയ്ക്ക് 60 രൂപയുണ്ട്. വരുംകാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങാവരവ് നിലയ്ക്കുമെന്നാണ് വിലയിരുത്തൽ.

വെളിച്ചെണ്ണ വില ഉയരാം


ആറ് മാസം മുമ്പ് ആറ്റിങ്ങൽ എണ്ണയാട്ട് ശാല വാങ്ങിയ 200 ടൺ കൊപ്രയുടെ ശേഖരം ഉണ്ടായതിനാലാണ് ഈ വിലയ്ക്ക് വിൽക്കാനാകുന്നതെന്ന് മാനേജർ രാകേഷ് പറഞ്ഞു. രണ്ട് മാസം മുമ്പ് വരെ ലിറ്ററിന് 200 രൂപയായിരുന്നു. ഇനി വരുന്ന കൊപ്രയ്ക്ക് വില കൂടിയാൽ വെളിച്ചെണ്ണ വില കൂടുമെന്നും, എണ്ണയാട്ട് ശാലയുടെ മുന്നിലെ വില്പന കേന്ദ്രത്തിൽ പ്രതിമാസം 10 ലക്ഷം രൂപയുടെ വില്പനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button