നിങ്ങളുടെ വിസ റദ്ദാക്കിയിരിക്കുന്നു, സ്വയം നാടുവിടണം; വിദ്യാര്‍ഥികളെ ആശങ്കയിലാക്കി യുഎസ് നടപടി

വാഷിങ്ടണ്‍: വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ ശേഷം പ്രതിഷേധ പ്രകടനം ഉള്‍പ്പെടെയുള്ള ആക്ടിവിസത്തിന്റെ ഭാഗമായവര്‍ക്കെതിരേ നടപടി കര്‍ശനമാക്കി ട്രംപ് ഭരണകൂടം. യുഎസ് അനുവദിച്ചിട്ടുള്ള സ്റ്റുഡന്റ് വിസ റദ്ദാക്കിയെന്നും എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നുമുള്ള അറിയിപ്പാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്. പലസ്തീന്‍ അനുകൂല പ്രകടനങ്ങളിലും മറ്റും പങ്കെടുത്തവര്‍ക്കെതിരേയായിരുന്നു ആദ്യഘട്ടത്തില്‍ നടപടി സ്വീകരിച്ചിരുന്നതെങ്കില്‍, ഈ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയോ ലൈക്ക് ചെയ്യുകയോ ചെയ്താല്‍ പോലും നടപടി സ്വീകരിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പോലും വിലക്കേര്‍പ്പെടുത്തുന്നുവെന്ന ആക്ഷേപങ്ങളാണ് ഈ നടപടിക്കെതിരേ ഉയരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഏതാനും വിദ്യാര്‍ഥികള്‍ക്കെതിരേയും അമേരിക്കയുടെ വിസ റദ്ദാക്കല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു രാഷ്ട്രീയ പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ പങ്കിടുന്നത് പോലും വിസ റദ്ദാക്കലിന് കാരണമാകുമെന്നാണ് ഇമിഗ്രേഷന്‍ അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Source link