ലഹരിസംഘങ്ങളെ പിടിക്കാനെത്തുമ്പോൾ കിട്ടുന്നത് ‘അടി, ഇടി, കടി’; ആക്രമണങ്ങളില്‍ വലഞ്ഞ് പൊലീസ്‍

കൊച്ചി∙ വൈറ്റില പാലത്തിനടിയിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്ന പരാതി അന്വേഷിക്കാൻ എത്തിയ കടവന്ത്ര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് കടിയേറ്റു. ഇവർക്ക് ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടി വന്നു. അതിനിടെ സ്റ്റേഷനിലെത്തിച്ച ബംഗാളി സ്വദേശി തപൻ അവിടെത്തന്നെ മലമൂത്ര വിസര്‍ജനം ചെയ്തത് പൊലീസിനെ ബുദ്ധമുട്ടിലാക്കി. ലഹരിക്കേസുകൾ പിടികൂടുന്നതു വർധിക്കുമ്പോൾ പൊലീസിനു നേരെയുള്ള അതിക്രമങ്ങളും വർധിക്കുകയാണ്. പൊലീസുകാർ പകലും രാത്രിയുമെന്നില്ലാതെ ജോലി ചെയ്യുമ്പോൾ എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്നതാണ് അവസ്ഥ. അടുത്തിടെ നടന്ന സംഭവങ്ങൾ അതു ശരിവയ്ക്കുന്നു. നേപ്പാൾ സ്വദേശികളായ യുവതിയും യുവാവും ചേർന്ന് എസ്ഐയേയും 4 പൊലീസുകാരേയും ആക്രമിച്ചത് അങ്കമാലി അയ്യമ്പുഴയിലാണ്. വ്യാഴാഴ്ച വെളുപ്പിനെ ലഹരി മരുന്നിന് എതിരെയുള്ള പരിശോധനയുടെ ഭാഗമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവതിയും യുവാവും അതിവേഗം ഓടിച്ചു പോയി. പിന്നാലെ എത്തിയ പൊലീസ് ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ വിശദീകരണം നൽകാൻ ഇവർക്കായില്ല. പിന്നീട് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുമ്പോഴായിരുന്നു യുവതി അക്രമാസക്തയായത്. എസ്ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. മുഖം മുഴുവൻ മാന്തി. മറ്റൊരു പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ചു. ലഹരി മാഫിയാ സംഘങ്ങളാണ് പല ആക്രമണങ്ങൾക്കു പിന്നിലും. തൃശൂരിൽനിന്ന് എംഡിഎംഎയുമായി കൊച്ചിയിലേക്കു വന്ന യുവാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് സംഘം നേരിട്ടത് കടുത്ത ആക്രമണം. ചക്കരപ്പറമ്പിനു സമീപം ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. ഇയാളുടെ ആക്രമണത്തിൽ താഴെ വീണ ഒരു പൊലീസുകാരന്റെ കാലിന് പൊട്ടലുണ്ടായി. ലഹരി ഉപയോഗിച്ച ശേഷം യുവതിയും യുവാവും നടുറോഡിൽ നാട്ടുകാരേയും പൊലീസിനേയും ആക്രമിച്ചത് ഫെബ്രുവരിയിലാണ്. പാലാരിവട്ടത്ത് നാട്ടുകാരെ ഒരു യുവതിയും യുവാവും ചേർന്ന് ആക്രമിക്കുന്നു എന്നറിഞ്ഞ് ചെന്നതായിരുന്നു പൊലീസ്. പിന്നീട് ആക്രമണം പൊലീസിനു നേർക്കായി. യുവതി പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്തു. പ്രതികൾ കഞ്ചാവ് കേസിൽ ഉൾപ്പെട്ടവരായിരുന്നു.
Source link