‘ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും മകളുടെ കൈയിൽ പണമില്ലായിരുന്നു’; സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

പത്തനംതിട്ട: ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് മധുസൂദനൻ. എടപ്പാൾ സ്വദേശിയായ സുകാന്ത് സുരേഷ്, മേഘയുടെ പണം മുഴുവനും തട്ടിയെടുത്തിരുന്നതായും പിതാവ് ആരോപിച്ചു. ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ മകളുടെ കൈവശം പണമില്ലായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. സുകാന്തിനെക്കുറിച്ച് പലതരത്തിൽ അന്വേഷിക്കാൻ ശ്രമിച്ചിട്ടും യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നും മധുസൂദനൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘സുകാന്തിനെ നേരിട്ട് പരിചയമില്ല. മകൾ ട്രെയിനിംഗ് കഴിഞ്ഞ് തിരികെ വീട്ടിലെത്തിയതിനുശേഷമാണ് സുകാന്തുമായുളള ബന്ധം മനസിലാക്കിയത്. വിവാഹത്തിന് സുകാന്തിന്റെ വീട്ടുകാരുമായി ബന്ധപ്പെടാമെന്ന് പറഞ്ഞിരുന്നു. ആ സമയത്ത് ചില കുടുംബപ്രശ്നങ്ങൾ ഉണ്ടെന്നും കുറച്ച് നാൾ കഴിഞ്ഞ് വിവാഹം നടത്താമെന്നായിരുന്നു സുകാന്ത് പറഞ്ഞിരുന്നത്. ആ സമയത്തൊന്നും മകളുടെ സാമ്പത്തികപരമായ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല.
മേഘയുടെ മരണശേഷം ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. മകളുടെ ശമ്പളം മുഴുവനും സുകാന്തിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നത്. കഴിഞ്ഞ മാസവും ഇതായിരുന്നു അവസ്ഥ. ആഹാരം കഴിക്കാൻ പോലും മേഘയുടെ കൈവശം പണമുണ്ടായിരുന്നില്ലെന്ന് കൂട്ടുകാരാണ് പറഞ്ഞത്. മകൾ വിഷമത്തിലായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലായത്. യാത്ര ചെയ്യാൻ പോലും മകളുടെ കൈവശം പണമില്ലായിരുന്നു. പൊലീസ് സുകാന്തിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെയായിട്ടും നടന്നിട്ടില്ല. സുഹൃത്തുക്കൾക്ക് മകളുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. സുകാന്തിന് മറ്റൊരു ബന്ധമുണ്ടെന്നാണ് കൊച്ചിയിലെ സുഹൃത്തുക്കൾ അറിയിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ കഴിയൂ’- അച്ഛൻ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മേഘയെ ചാക്കയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ സുകാന്തിനെതിരെ കുടുംബം പരാതി നൽകിയിട്ടുണ്ട്. മേഘയുടെ ഫോൺ ഉൾപ്പെടെ പൊലീസിന്റെ കൈവശമുണ്ട്. ലാപ്‌ടോപ്പും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Source link