നവീൻബാബുവിന്റെ മരണം ആത്മഹത്യ: കുറ്റപത്രത്തിൽ ഏകപ്രതി ദിവ്യ

# വ്യാജപരാതിക്കാരൻ
പ്രശാന്തൻ സാക്ഷി
കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റേത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ മാത്രം പ്രതിയാക്കിയും പൊലീസ് കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
യാത്രഅയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ അധിക്ഷേപത്തിൽ മനംനൊന്താണ് ജീവനൊടുക്കിയത്. കൃത്യമായ ആസൂത്രണമാണ് പ്രതി നടത്തിയത്. യോഗത്തിലേക്ക് പ്രാദേശിക ചാനലിനെ വിളിച്ചു വരുത്തി.
രണ്ട് ദിവസത്തിനകം അറിയാമെന്ന ദിവ്യയുടെ പരാമർശത്തെ തുടർന്ന് ഔദ്യോഗിക ജീവിതത്തിൽ ഗുരുതര വേട്ടയാടൽ ഉണ്ടാകുമെന്ന് നവീൻ ബാബു ഭയപ്പെട്ടു. കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവ് ലഭിച്ചിട്ടില്ല. ആത്മഹത്യാക്കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല.
കൈക്കൂലി ആരോപണം ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെന്ന് അവകാശപ്പെടുകയും ചെയ്ത പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തനെ നാൽപത്തിമൂന്നാം സാക്ഷിയാക്കി. പ്രശാന്തനെ പ്രതിയാക്കണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്വേഷണ സംഘം അംഗീകരിച്ചില്ല.മഞ്ജുഷയുടെയും മക്കളുടെയും അടക്കം 82 പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട് .
കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി എച്ച്. യതീഷ് ചന്ദ്ര, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിഥിൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നതിനുശേഷം ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെയാണ് കുറ്റപത്രം സമർപ്പിച്ചത്.കണ്ണൂർ ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയാണ് വൈകിട്ട് നാലു മണിക്ക് കുറ്റപത്രം സമർപ്പിച്ചത്. മൂന്നു ഭാഗങ്ങളിലായി നാനൂറിലേറെ പേജുണ്ട്.
ദിവ്യയെ ന്യായീകരിച്ച്
സാഹചര്യതെളിവ്
# ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകൾ കുറ്റപത്രത്തിൽ നിരത്തുന്നു. പെട്രോൾ പമ്പിന് എൻ.ഒ.സി. ലഭിക്കുന്നതിനു മുൻപ് പ്രശാന്തൻ ബാങ്കിൽ നിന്നു പണം പിൻവലിച്ചു. നവീൻ ബാബുവും പ്രശാന്തനും നിരവധി തവണ ഫോണിൽ സംസാരിച്ചു. എൻ.ഒ.സി.അനുവദിക്കും മുൻപ് പ്രശാന്തൻ ക്വാർട്ടേഴ്സിലെത്തി എ.ഡി.എമ്മിനെ കണ്ടു തുടങ്ങിയവയാണ് സാഹചര്യ തെളിവുകൾ.
കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം
പത്തനംതിട്ട : നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരി പി.പി.ദിവ്യ മാത്രമാണെന്ന കണ്ടെത്തലുള്ള കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. മറ്റ് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണിത്. ഗൂഢാലോചനയിൽ പങ്കാളികളായവരെ പരാമർശിക്കാതെയാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. കൈക്കൂലി വാങ്ങിയതിനും ചോദിച്ചതിനും തെളിവില്ല, പിന്നെ ആർക്ക് വേണ്ടിയാണ് പി.പി.ദിവ്യ സംസാരിച്ചതെന്ന് വ്യക്തമല്ലെന്നും അവർ പറഞ്ഞു.
ആശങ്കകൾ പരിഹരിക്കുന്ന ഒന്നും കുറ്റപത്രത്തിലില്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. നിയമപരമായി മുമ്പോട്ട് പോകാൻ തന്നെയാണ് തീരുമാനം. ലോക്കൽ പൊലീസ് അന്വേഷിച്ചതിൽ കൂടുതലായൊന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടില്ല.
Source link