മധുരയിലേക്ക് വീണ്ടും സിപിഎം പാർട്ടി കോൺഗ്രസ്; നിറം മങ്ങാതെ ചങ്ങാത്തക്കൊടി

ന്യൂഡൽഹി ∙ ‘അടവു നയമുണ്ടോ സഖാവേ, ഒരു ബദൽരേഖയുണ്ടാക്കാൻ’ എന്നു മനസ്സിൽപറഞ്ഞു പുഞ്ചിരിക്കുന്ന സീതാറാം യച്ചൂരിയുടെ അഭാവം പ്രകാശ് കാരാട്ടിനെ കുറച്ചല്ല അസ്വസ്ഥനാക്കുന്നത്.‘അതു പറഞ്ഞറിയിക്കാൻ എളുപ്പമല്ല. ഞങ്ങൾ 32 വർഷം പൊളിറ്റ്ബ്യൂറോയിൽ ഒരുമിച്ചു പ്രവർത്തിച്ചവരാണ്. കേന്ദ്ര കമ്മിറ്റിയിലും ഒരുമിച്ചാണ് എത്തിയത്, 1985–ൽ. അന്നു മുതൽ ഒരുമിച്ചുള്ളയാൾ പെട്ടെന്നൊരുനാൾ അപ്രത്യക്ഷനാകുന്നു. അതുമായി പൊരുത്തപ്പെടുക എളുപ്പമല്ല’– സിപിഎമ്മിന്റെ മധുര പാർട്ടി കോൺഗ്രസിനുള്ള തയാറെടുപ്പുകൾക്കിടെ മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ കാരാട്ട് പറഞ്ഞു.‘പക്ഷേ, സീതാറാമിന്റെ വേർപാടിനെക്കുറിച്ച് ആലോചിച്ചിരിക്കാൻ പറ്റില്ലായിരുന്നു. പാർട്ടി കോൺഗ്രസിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. പെട്ടെന്നുതന്നെ ഞങ്ങൾക്ക് അതിലേക്കു കടക്കേണ്ടിവന്നു. പാർട്ടി കോൺഗ്രസ് മാറ്റിവയ്ക്കാൻ പറ്റുമായിരുന്നില്ല. ജൂൺ അവസാനം പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ചു. സീതാറാം കൂടി താൽപര്യപ്പെട്ടാണ് ആദ്യ ചർച്ചയ്ക്ക് സെപ്റ്റംബർ അവസാനം പിബി ചേരണമെന്നുൾപ്പെടെ സമയക്രമം തീരുമാനിച്ചത്. എന്നാൽ, സെപ്റ്റംബർ മധ്യത്തോടെ സീതാറാം പോയി. കഴിഞ്ഞ 6 മാസം ഞങ്ങൾക്കു ജോലിയോടു ജോലി. സീതാറാമിന്റെ വിയോഗവേദനയ്ക്കിടയിൽ, പാർട്ടി കോൺഗ്രസിനായുള്ള ജോലി ധാരാളമുണ്ടായിരുന്നത് ഒരുതരത്തിൽ സഹായകമായെന്നു പറയാം.’ ഇപ്പോൾ യച്ചൂരിയുടെ അസാന്നിധ്യത്തിൽ പാർട്ടിയുടെ ഏകോപനച്ചുമതലയെന്ന ദൗത്യമാണ് കാരാട്ടിന്.മധുരയിൽ രണ്ടാം തവണയാണ് സിപിഎം പാർട്ടി കോൺഗ്രസ്. ‘ആദ്യത്തേത് ഒൻപതാം കോൺഗ്രസ്, 1972 ൽ. ഇത്തവണത്തേതുപോലെ തമുക്കം മൈതാനത്തായിരുന്നു അതും. അന്നെനിക്കു പങ്കെടുക്കാനായില്ല. അന്നു ഞാൻ ഡൽഹിയിൽ ജെഎൻയുവിൽ ഗവേഷകനാണ്; എകെജിയുടെ സഹായിയും.’ എകെജി അന്ന് അശോക റോഡിലെ നാലാം നമ്പർ വീട്ടിലാണു താമസം. ‘അതായിരുന്നു ഞങ്ങളുടെ പാർലമെന്ററി പാർട്ടി ഓഫിസും. നേതാക്കളെല്ലാം പാർട്ടി കോൺഗ്രസിനു പോയപ്പോൾ എകെജി എന്നെ ഓഫിസും വീടും ഏൽപിച്ചു’– കാരാട്ട് പറഞ്ഞു.
Source link