LATEST NEWS

‘സിനിമകളിലെ രാഷ്ട്രീയം ചിലര്‍ക്ക് എതിരും അനുകൂലവും ആയേക്കും; എമ്പുരാനെതിരായ വിമർശനം ബിജെപിയുടെ അസഹിഷ്ണുത’


തിരുവനന്തപുരം∙ എമ്പുരാന്‍ സിനിമയ്‌‌ക്കെതിരായ ബിജെപി വിമര്‍ശനം സംഘപരിവാര്‍ അസഹിഷ്ണുതയുടെ ഭാഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സെക്രട്ടേറിയറ്റിനു മുന്നില്‍ അങ്കണവാടി ജീവനക്കാരുടെയും ആശാ പ്രവര്‍ത്തകരുടെയും സമരവേദി സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’, ‘എമര്‍ജന്‍സി’ പോലുള്ള സിനിമകള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവയായിരുന്നുവെന്നും ബിജെപി അതിനെയെല്ലാം സ്വാഗതം ചെയ്തിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.‘‘സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് അഭിപ്രായം പറയാനില്ല. എക്കാലവും വര്‍ത്തമാനകാല രാഷ്ട്രീയം സിനിമകള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അതു ചിലര്‍ക്ക് എതിരും അനുകൂലവുമാകും. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് അതെല്ലാം. തങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ മാത്രം അസഹിഷ്ണുത കാണിക്കുന്നത് ശരിയാണോയെന്ന് ബിജെപി ആലോചിക്കണം. മറ്റൊരാളുടെ അഭിപ്രായങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോലും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ മാനിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് ഓര്‍മിപ്പിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗഢിയുടെ കവിതക്കെതിരെ ഗുജറാത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കിയത്. കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെയും സുപ്രീംകോടതി വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പോലും അനുവാദമില്ലെങ്കില്‍ മനുഷ്യ ജീവിതത്തിന് അർഥമെന്താണെന്നാണ് സുപ്രീംകോടതി ചോദിച്ചത്. ആ വിധി വന്ന പശ്ചാത്തലം ഈ സാഹചര്യത്തില്‍ കൂട്ടിവായിക്കണം. ഞാന്‍ സിനിമയുടെ പ്രമോട്ടറും എതിരാളിയുമല്ല. തങ്ങള്‍ക്ക് അനുകൂലമായി പറയുന്നവരെ വാഴ്ത്തുകയും അല്ലാത്തതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാടിനോട് യോജിപ്പില്ല.’’ – കെ.സി.വേണുഗോപാല്‍ പറഞ്ഞു. ∙ ആശാ സമരം; ഐഎന്‍ടിയുസി എതിരെ നീങ്ങുകയല്ല വേണ്ടത് ജനകീയ സമരങ്ങളെ പിന്തുണയ്ക്കുക എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. ‘‘ആര് സമരം ചെയ്യുന്നുവെന്നല്ല, അതു പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണെങ്കില്‍ അതിനു മുന്‍പില്‍ കോണ്‍ഗ്രസുണ്ടാകും. അത് ഐഎന്‍ടിയുസിയും മനസ്സിലാക്കും എന്നാണ് പ്രതീക്ഷ. പാര്‍ട്ടിയുടെ ദേശീയ നിലപാടാണ് വ്യക്തമാക്കിയത്. ഐഎന്‍ടിയുസിക്ക് ചില കാര്യങ്ങളില്‍ വ്യത്യസ്ത നിലപാട് ഉണ്ടായിരിക്കാം. പാര്‍ട്ടിയും നാടും ഒരു തീരുമാനം എടുക്കുമ്പോള്‍ അതിനെതിരെ നീങ്ങുകയല്ല വേണ്ടത്.’’ – കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. 


Source link

Related Articles

Back to top button