LATEST NEWS

പൊലീസിനെ കണ്ടതോടെ പരുങ്ങി, നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പിടികൂടിയത് 2 കോടി രൂപ; മൂന്ന് പേർ കസ്റ്റഡിയിൽ


കൊച്ചി ∙ നഗരത്തിൽ ഓട്ടോ റിക്ഷയിൽനിന്ന് 2 കോടി രൂപ പിടികൂടി. സംഭവത്തിൽ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവർ തമിഴ്നാട് സ്വദേശിയായ രാജഗോപാൽ, ബിഹാർ സ്വദേശി സബിഷ് അഹമ്മദ്, തമിഴ്നാട് സ്വദേശിയായ മറ്റൊരാൾ എന്നിവരെയാണ് ഹാർബർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.ഇന്ന് ഉച്ച കഴിഞ്ഞ് പതിവുള്ള വാഹന പരിശോധനയ്ക്കിടെയാണ് പണവുമായി വരികയായിരുന്ന ഓട്ടോറിക്ഷ പിടികൂടിയത്. കൊച്ചി വെല്ലിങ്‌ടൻ ഐലന്റിനടുത്ത് ബിഒടി പാലത്തിനു സമീപമുള്ള വോക് വേയിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിലായിരുന്നു പൊലീസിന്റെ പരിശോധന. ഓട്ടോയിൽ ഇരുന്നിരുന്ന രണ്ടുപേരും പൊലീസിനെ കണ്ട് പരുങ്ങുന്നതു കണ്ടാണ്  വാഹനം പരിശോധിക്കുന്നതും ബാഗിൽ അടുക്കി വച്ച നിലയിൽ പണം കണ്ടെത്തുന്നതും. ബാഗിൽ 2 കോടി രൂപയിലധികം ഉള്ളതായാണ് സൂചന.ഇവരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സ്ഥലത്തെത്തിയ മറ്റൊരു തമിഴ്നാട് സ്വദേശിയേയും പൊലീസ് പിടികൂടി. ഇയാൾ പണം ഏറ്റുവാങ്ങാൻ വന്നതാണെന്നാണ് പൊലീസിന്റെ നിഗമനം. ഭൂമി വാങ്ങുന്നതിനായി മറ്റൊരാൾക്കു കൊടുക്കാൻ കൊണ്ടുവന്നതാണെന്നും അതല്ല, മറ്റൊരാൾക്കു കൊടുക്കാനായി നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ കൊടുത്തുവിട്ട പണമാണെന്നും കസ്റ്റഡിയിലുള്ളവർ പറഞ്ഞതായാണ് വിവരം. പണത്തിന്റെ സ്രോതസ്സ് എവിടെ നിന്നാണെന്നു വ്യക്തമാക്കാൻ ഇവർക്കു സാധിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.


Source link

Related Articles

Back to top button