ജനത്തിരക്കിലമർന്ന് റമസാൻ വിപണി; ഓഫർ പെരുമഴയുമായി വിൽപനശാലകൾ

കോട്ടയം ∙ സംസ്ഥാനത്ത് റമസാൻ വിപണി സജീവമായി. പുതുവസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടക്കമുള്ള സാധനങ്ങൾ വാങ്ങാൻ ചെറിയ കടകളിൽ മുതൽ ഷോപ്പിങ് മാളുകളിൽ വരെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വേനലവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി അടച്ചതോടെ മാളുകളിലും മറ്റും തിരക്ക് വർധിച്ചു. സാമ്പത്തിക വർഷത്തിന്റെ അവസാനം റമസാൻ എത്തിയെന്നതും നേട്ടമാണെന്നു വ്യാപാരികൾ പറയുന്നു. വൻ ഓഫറുകളും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിവച്ചാണ് വ്യാപാരസ്ഥാപനങ്ങൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അതിനിടെ, വേനൽക്കാലത്ത് കുതിച്ചുയർന്ന എസി കച്ചവടത്തിന് വേനൽമഴ തിരിച്ചടിയായെന്നും വ്യാപാരികൾ പറയുന്നു. എസി വിപണി കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ പൊടിപൊടിക്കുമെന്ന് കരുതിയെങ്കിലും ശരാശരിയിൽ ഒതുങ്ങിയെന്നാണ് അഭിപ്രായം. വിപണി കീഴടക്കി സ്മാർട് ഫോണുകൾ മറ്റ് ഉത്സവ സീസണികളിലെന്നപോലെ റമസാൻ കാലത്തും സ്മാർട് ഫോൺ വിപണി സജീവമാണ്. പ്രമുഖ ഇലക്ട്രോണിക്സ്, ഹോംഅപ്ലയൻസസ് വിൽപനശൃംഖലകളിലെല്ലാം സ്മാർട്ഫോണുകൾക്കു വലിയ വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ അടക്കമുള്ള വിലയേറിയ ഫോണുകൾക്ക് ഇഎംഐ സൗകര്യം അടക്കമുള്ള വാഗ്ദാനങ്ങളുമുണ്ട്. എക്സ്ചേഞ്ച് ഓഫറുകൾ, ക്യാഷ്ബാക്ക് തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. റമസാൻ കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് സ്മാർട്ട് ഫോണുകളാണെന്ന് ഓക്സിജൻ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജിബിൻ കെ. തോമസ് പറഞ്ഞു. ‘‘വലിയ തിരക്കാണ് എല്ലാ ഷോറൂമുകളിലും അനുഭവപ്പെടുന്നത്. ആകർഷകമായ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ക്യാഷ്ബാക്ക് ഓഫറുകളാണ് പ്രത്യേകത. സ്മാർട് ഫോണുകൾ കഴിഞ്ഞാൽ കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഹോം അപ്ലയൻസുകളാണ്.’’ – ജിബിൻ.കെ.തോമസ് പറയുന്നു. ചൂടാകണം എസി വിപണി എസി, ഫാൻ, കൂളർ എന്നിവയ്ക്കു വലിയ വിൽപനയുള്ള കാലമാണ് വേനൽ. ഇത്തവണ സമ്മർ ഓഫറുകളും മറ്റും പ്രഖ്യാപിച്ച് കമ്പനികളും ഷോറൂമുകളും രംഗത്തുണ്ടെങ്കിലും എസി വിൽപനയിൽ പ്രതീക്ഷിച്ച കുതിപ്പില്ലെന്നാണ് കടക്കാരുടെ വിലയിരുത്തൽ. എങ്കിലും വേനൽ കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ വിൽപന മെച്ചപ്പെടുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിക്കുന്നു. വിവിധ തരം എസികൾക്കും ഫാനുകൾക്കും കൂളറുകൾക്കും വൻ വിലക്കിഴിവും റമസാൻ കാലത്തു പ്രഖ്യാപിച്ചിട്ടുണ്ട്.
Source link