CINEMA

EXCLUSIVE ‘ചില വാക്കുകൾ മ്യൂട്ട് ചെയ്തു, ആരെയും വേദനിപ്പിക്കാനില്ല; മാറ്റങ്ങൾ വരുത്താൻ പൃഥ്വിയോടു പറഞ്ഞു’: ഗോകുലം ഗോപാലൻ പറയുന്നു


എമ്പുരാൻ എന്ന സിനിമ ആരെയും വേദനിപ്പിക്കാൻ എടുത്തതല്ല എന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുത് എന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും സിനിമ കാണുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ വരുത്താൻ സംവിധായകനോട് പറഞ്ഞിട്ടുണ്ടെന്നും മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഗോകുലം ഗോപാലൻ പറഞ്ഞു.‘എമ്പുരാൻ എന്ന സിനിമയിൽ കാണിക്കുന്ന എന്തെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിൽ മാറ്റങ്ങൾ വരുത്താൻ ഞാൻ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. തൽക്കാലം ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിലെ ചില കാര്യങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അത്തരത്തിൽ പരാതി ഉയർന്നിട്ടുണ്ടെങ്കിൽ എന്തെങ്കിലും മാറ്റം വരുത്താൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാൻ സംവിധായകനോട് പറഞ്ഞിട്ടുണ്ട്.  മാറ്റം വരുത്താൻ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകും എന്ന് എനിക്കറിയില്ല.  കാരണം ഒരുപാട് തിയറ്ററുകളിൽ സിനിമ കളിക്കുന്നുണ്ട്.  ഒരു തിയറ്ററിൽ മാറ്റണമെങ്കിൽ അതിനു നല്ല ചെലവ് വരും, അപ്പൊ നാലായിരത്തിലധികം തിയറ്ററുകളിൽ ഓടുന്ന സിനിമയിൽ മാറ്റം വരുത്താൻ അത്രത്തോളം പണം മുടക്കേണ്ടി വരും.  ഏകദേശം നാൽപ്പത് ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് എന്റെ ഒരു കണക്കുകൂട്ടൽ.  പരമാവധി ചെയ്യാൻ പറ്റുന്നത് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.  നമ്മൾ ഒരു സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലല്ലോ.  സിനിമ കാണുന്നവർ സന്തോഷിക്കാൻ വേണ്ടിയാണ് കാണുന്നത്.’ ഗോപാലൻ പറയുന്നു. ‘ഞാൻ അവസാനമാണല്ലോ ഈ സിനിമയുമായി സഹകരിക്കുന്നത്.  ഈ സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവരും തന്നെ ഇതുവരെയും ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലാത്ത ആളുകളാണ്. ആരെയും ബുദ്ധിമുട്ടിക്കാൻ നമുക്ക് ആർക്കും ആഗ്രഹമില്ല.  ആർക്കും ഒരു ബുദ്ധിമുട്ടും തോന്നാത്ത വിധത്തിൽ സിനിമ കാണണം.  സിനിമ സെൻസർ ചെയ്താണല്ലോ വന്നത്.  അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു.  പക്ഷെ സിനിമ കാണുന്നവർ പല ചിന്താഗതിക്കാർ ആണല്ലോ, അതിൽ വന്ന പ്രശ്നം ആണ്.  മോഹൻലാലിന് ആയാലും എനിക്ക് ആയാലും ആരെയും വിഷമിപ്പിക്കാൻ താൽപര്യം ഇല്ലാത്തവരാണ്.  ഒരു പ്രത്യേക രാഷ്ട്രീയ കക്ഷികളുമായും നമുക്ക് ബന്ധമില്ല.  രാഷ്ട്രീയം എന്നാൽ സേവനം എന്നാണ് ഞാൻ കാണുന്നത്.  വലിയൊരു സിനിമ എടുത്തത് റിലീസ് ചെയ്യാൻ കഴിയാതെ നിന്ന് പോകാൻ പാടില്ല എന്നതുകൊണ്ടാണ് ഞാൻ അതിൽ സഹകരിച്ചത്.  നമ്മൾ കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്.’ ഗോപാലൻ പറഞ്ഞു.   


Source link

Related Articles

Back to top button