കറുപ്പിൽ അഹങ്കരിക്കണം: ശാരദ മുരളീധരൻ

കോഴിക്കോട്: കറുപ്പിൽ അഹങ്കരിക്കുന്നതിലേക്ക് പൊതുബോധം മാറണമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ചേവായൂർ കിർത്താഡ്‌സിൽ ‘നെർദ്ധി 2025’ ദേശീയ ഗോത്ര സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. ‘കറുപ്പിനെക്കുറിച്ചുള്ള വിഷയത്തിൽ എനിക്ക് വിഷമമുണ്ടായിരുന്നു. ഏതൊരു ചെറിയ കാര്യമാണെങ്കിലും എനിക്കു വിഷമമുണ്ടാകും. പിന്നീട് അതേക്കുറിച്ച് ഞാൻ വീറോടെ സംസാരിക്കും. തീരുമാനമെടുത്താൽ അതെക്കുറിച്ചെല്ലാം മറക്കും. കറൂപ്പ് ഞങ്ങൾ
ആഘോഷിക്കുമെന്നാണ് ഇതേക്കുറിച്ച് സമൂഹമാദ്ധ്യമത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടായപ്പോൾ എന്റെ മകൾ കുറിച്ചത്. ലോകത്ത് തന്നെ കറുപ്പെന്നാൽ പ്രശ്‌നമാണ്. ആഫ്രിക്കക്കാരുമായാണ് കറുപ്പിനെ ബന്ധപ്പെടുത്തുക. ആഫ്രിക്കക്കാർ വിവരദോഷികളായ സംസ്‌കാരമില്ലാത്തവർ എന്ന സായിപ്പിന്റെ സങ്കൽപ്പമാണ് ഇപ്പോഴും നമ്മളെ പിന്തുടരുന്നത്. ആഫ്രിക്കക്കാർ എന്ത് പിഴച്ചു. ഇതിനെ പൊളിച്ചെഴുതണം.
ജാതീയമായ അന്തരം കുടുംബശ്രീയിലും ഉണ്ടായിരുന്നു. കണക്കെടുത്തു നോക്കിയപ്പോൾ അഞ്ച് ശതമാനമായിരുന്നു പട്ടികജാതിക്കാർ. പട്ടിക വിഭാഗക്കാർ വളരെ കുറവും. ഈ വിഭാഗങ്ങളിൽ നിന്ന് സി.ഡി.എസ് ചെയർപഴ്‌സണായി വരുന്നത് വട്ടപ്പൂജ്യമായിരുന്നു. ഒരിക്കൽ കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ സി.ഡി.എസിന്റെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ യോഗം നിയന്ത്രിച്ചിരുന്നത് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. സി.ഡി.എസ് ചെയർപേഴ്‌സൺ എവിടെ പോയെന്നു ചോദിപ്പോൾ ചായ കൊണ്ടുവരാൻ പോയെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ പിന്നീട് അതിൽ നിന്നെല്ലാം മാറ്റമുണ്ടായി- ശാരദ പറഞ്ഞു.
Source link