മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല, ആവശ്യം ഹൈക്കോടതി തള്ളി, മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും ആശ്വാസം

ശ്രീഹരി രാമകൃഷ്ണൻ | Saturday 29 March, 2025 | 4:46 AM
കൊച്ചി: ‘മാസപ്പടി’ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എയും പൊതുപ്രവർത്തകനായിരുന്ന ഗിരീഷ്ബാബുവും സമർപ്പിച്ച റിവ്യൂ ഹർജികൾ ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ
വിജയനും ഇത് ആശ്വാസമായി.പരാതികളിൽ അഴിമതിയിലേക്ക് വിരൽചൂണ്ടുന്ന വസ്തുതകളില്ലെന്നും മുഖ്യമന്ത്രിക്ക് സാമ്പത്തിക നേട്ടമുണ്ടായെന്നതിന് തെളിവുകളില്ലെന്നുമുള്ള വിജിലൻസ് കോടതികളുടെ വിലയിരുത്തൽ ശരിവച്ചാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്.
കുഴൽനാടന്റെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലൻസ് കോടതി നിരീക്ഷണം റദ്ദാക്കി.
ധാതുമണൽ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സി.എം.ആർ.എല്ലും വീണയുടെ കമ്പനിയായിരുന്ന എക്സാലോജിക് സൊല്യൂഷൻസുമായുള്ള 1.72 കോടിയുടെ ഇടപാടിലായിരുന്നു കേസ്. ഇത് ഫലത്തിൽ മുഖ്യമന്ത്രിക്കുള്ള കോഴപ്പണമാണെന്നും സി.എം.ആർ.എല്ലിന് സർക്കാർ നൽകിയ വഴിവിട്ട സഹായങ്ങൾക്ക് പ്രത്യുപകാരമാണെന്നുമായിരുന്നു ഹർജികളിലെ ആരോപണം.
മുഖ്യമന്ത്രി ഒന്നും വീണ ഏഴും എതിർകക്ഷികളായിരുന്നു. വിജിലൻസ് അന്വേഷണം തിരുവനന്തപുരം, മൂവാറ്റുപുഴ വിജിലൻസ് കോടതികൾ തള്ളിയതിനെതിരെയായിരുന്നു റിവ്യൂ ഹർജികൾ. ഹർജിക്കാരനായ ഗിരീഷ്ബാബു മരിച്ചതിനാൽ അമിക്കസ് ക്യൂറിയെ വച്ചാണ് ഹൈക്കോടതി വാദം പൂർത്തിയാക്കിയത്. അന്വേഷണാവശ്യം വീണ്ടും പരിഗണിക്കാൻ വിജിലൻസ് കോടതികളോട് നിർദ്ദേശിക്കണമെന്നായിരുന്നു ഹർജികളിലെ ആവശ്യം. സിംഗിൾബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മാത്യു കുഴൽനാടൻ അറിയിച്ചു.
ഹർജിയിലെ വാദങ്ങൾ
സംശയത്തിന്റെ പിൻബലത്തിൽ
മാസപ്പടി ആരോപണത്തിൽ ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. സംശയത്തിന്റെ പിൻബലത്തിലാണ് വാദങ്ങളെന്ന് കോടതി പറഞ്ഞു. 2016-17 കാലയളവിൽ സി.എം.ആർ.എല്ലിന് ഐ.ടി- കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിന് മാസം നിശ്ചിത തുക വച്ച് എക്സാലോജിക്കും വീണയും കൈപ്പറ്റിയത് ഇല്ലാത്ത സേവനങ്ങളുടെ പേരിലാണെന്ന് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് രേഖപ്പെടുത്തിയിരുന്നു.
കരാറിന് പിന്നാലെ തോട്ടപ്പള്ളി സ്പിൽവേയിൽ ഖനനം ചെയ്യുന്ന മണൽ കുറഞ്ഞ നിരക്കിൽ സി.എം.ആർ.എല്ലിന് തരപ്പെട്ടുവെന്നായിരുന്നു പ്രധാന ആരോപണം. കെ.ആർ.ഇ.എം.എല്ലിന് കേരളതീരത്ത് മണൽഖനനം നടത്താൻ ഭൂപരിധിയിൽ ഇളവുനൽകുന്നതിന് മുഖ്യമന്ത്രി ഇടപെട്ടതിന് കാരണം ഈ കോഴ ഇടപാടുകളാണെന്നും വിവാദകമ്പനിയെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണിതെന്നും ആരോപിച്ചായിരുന്നു ഹർജി.
Source link