നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് മേയിൽ? ആറു സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി തിര.കമ്മിഷൻ

ന്യൂഡൽഹി∙ ആറു സംസ്ഥാനങ്ങളിലെ എട്ടു നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ തുടങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മേയ് 5ന് പ്രസിദ്ധീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദേശം നൽകി. ഗുജറാത്ത്, ബംഗാൾ, മണിപുർ, കേരളം, പഞ്ചാബ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവടങ്ങിൽ രണ്ടു മണ്ഡലങ്ങളിലും ബംഗാൾ, മണിപ്പുർ, കേരളം, പഞ്ചാബ് എന്നിവടങ്ങളിൽ ഓരോ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ്. കേരളത്തിൽ നിലമ്പൂരിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. മോയ് മാസത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് അഭ്യൂഹമുണ്ട്. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. കരട് വോട്ടർ പട്ടിക ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കണമെന്നാണ് കമ്മിഷന്റെ നിർദേശം. എതിർപ്പുകളും പരാതികളും ഏപ്രിൽ 8 മുതൽ 24 വരെ ഉന്നയിക്കാം. പരാതികൾ മേയ് രണ്ടിനുള്ളിൽ പരിഹരിച്ച് അഞ്ചിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കണം. എൽഡിഎഫ് സ്വതന്ത്രനായിരുന്ന പി.വി.അൻവർ രാജിവച്ചതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും എഡിജിപി എം.ആർ.അജിത് കുമാറിനെതിരെയും വിവിധ ആരോപണങ്ങൾ ഉന്നയിച്ചാണ് അൻവർ ഇടതു മുന്നണി വിട്ടത്. ജനുവരി 13ന് സ്പീക്കർക്ക് രാജി നൽകി. അൻവർ ഇപ്പോൾ തൃണമൂൽ പാർട്ടിയുടെ ഭാഗമാണ്. മത്സരിക്കാനില്ലെന്ന് അൻവർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2,700 വോട്ടുകൾക്കാണ് പി.വി.അൻവർ കോൺഗ്രസിലെ വി.വി.പ്രകാശിനെ പരാജയപ്പെടുത്തിയത്.
Source link