KERALAM

കേരളകൗമുദി വാർത്ത തുണച്ചു ; താഴത്തെ നിലയിൽ രൂപേഷിന് ഓഫീസ് ഒരുക്കും

രൂപേഷ് അമ്മ കോമളയ്ക്കും, അച്ഛൻ ഹരിദാസിനുമൊപ്പം ആലപ്പുഴയിലെ വീട്ടിൽ….. ഫോട്ടോ വിഷ്ണു കുമരകം

ആലപ്പുഴ: അന്ധതയെ തോല്പിച്ച് കെ.എ.എസ് നേടിയ ആലപ്പുഴ ജില്ലാ ഇൻഷ്വറൻസ് ഓഫീസർ എച്ച്. രൂപേഷിന് ഭിന്നശേഷി സൗഹൃദമായ ഓഫീസൊരുക്കും. ഇതിനായി കെട്ടിടത്തിന്റെ താഴത്തെ നിലയിലോ സമീപത്തോ സൗകര്യപ്രദമായ ഓഫീസ് മുറി അടിയന്തരമായി കണ്ടെത്തും. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ജില്ലാ കളക്ടർക്കും സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി.

അന്ധനായ രൂപേഷിന് മൂന്നാം നിലയിലെ ഓഫീസിലെത്താനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് ‘കേരളകൗമുദി” ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. ജില്ലാ ഓഫീസറുടെ ചുമതലയായതിനാൽ ദിവസവും മൂന്ന് നിലകൾ പ്രയാസപ്പെട്ട് കയറിയാണ് രൂപേഷ് ഓഫീസിലെത്തുന്നത്. ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാൻ അവധിയെടുക്കാറുമില്ല.

അതേസമയം, പുതിയ നിർദ്ദേശത്തിലെ പ്രായോഗികതയും ആശങ്കയാകുന്നുണ്ട്. ഇൻഷ്വറൻസ് ഓഫീസിലെ ഫയലുകൾ മാനുവലായാണ് കൈകാര്യം ചെയ്യുന്നത്. ജില്ലാ ഓഫീസറുടെ മുറി താഴയാക്കുമ്പോൾ, ഫയൽ ഒപ്പിടീക്കുന്നതിന് ജീവനക്കാർക്ക് പലതവണ മൂന്ന് നിലകൾ കയറിയിറങ്ങണം. ഓഫീസിന് താഴത്തെ നിലയിൽ മുറി ലഭ്യമല്ലെന്നതും പ്രതിസന്ധിയാണ്.

സഹായിയെ ഒഴിവാക്കി

ആലപ്പുഴ കളക്ടറേറ്റിൽ ആർ.ആർ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്ന രൂപേഷിന്റെ സ്ഥലം മാറ്റത്തിനെതിരെ സാമൂഹ്യപ്രവർത്തകർ കേന്ദ്ര ഭിന്നശേഷി കമ്മീഷണർക്ക് ഇന്നലെ കത്തയച്ചു. കെ.എ.എസ് ആദ്യ ബാച്ചിലെ അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാതെയും, മുപ്പതിലധികം പേരെ അതത് ജില്ലകളിൽ നിലനിറുത്തിയും സംരക്ഷിക്കുമ്പോഴാണ് രൂപേഷിനോടുള്ള ക്രൂരത. ആർ.ആർ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്നപ്പോൾ രൂപേഷിന് സ്ക്രൈബ് സഹായിയെ അനുവദിച്ചിരുന്നു. എന്നാൽ പുതിയ നിയമനത്തിൽ സഹായി ഇല്ല. കളക്ടറേറ്റിലെ ജി.എസ്.ടി, എൽ.എസ്.ജി.ഡി പോലുള്ള വകുപ്പുകളിൽ പോസ്റ്റനുവദിക്കുകയോ, ആർ.ആർ ഡെപ്യൂട്ടി കളക്ടർ സ്ഥാനത്തേക്ക് രൂപേഷിനെ പുനർനിയമിക്കുകയോ ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.


Source link

Related Articles

Back to top button