മരുമകൾ ഒന്നാം റാങ്കോടെ ഡോക്ടറായി, സർട്ടിഫിക്കറ്റ് നൽകി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: ഒന്നാംറാങ്കോടെ എം.ബി.ബി.എസ് വിജയിച്ച പാർവതി നമ്പ്യാർക്ക് സർട്ടിഫിക്കറ്റ് നൽകിയത് ഭർതൃപിതാവും ഹൈക്കോടതി ജഡ്‌ജിയുമായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. അഭിഭാഷക കുടുംബത്തിലേക്ക് ഡോക്ടറെത്തുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.
അമൃത വിശ്വവിദ്യാപീഠം സ്‌കൂൾ ഒഫ് മെഡിസിനിൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ 89 പേരിൽ ഒന്നാംറാങ്കുകാരിയാണ് പാർവതി. ബിരുദദാന ചടങ്ങ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയിമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഭദ്രദീപം കൊളുത്തി.
അമൃത സ്‌കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. കെ.പി. ഗിരീഷ്‌കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമൃത ന്യൂറോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. ജോർജ് മാത്യൂസ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. എ. ആനന്ദ്കുമാർ, ഫിസിയോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. എൽ. സരസ്വതി, പീഡിയാട്രിക്‌സ് വിഭാഗം മേധാവി പ്രൊഫ. ഡോ. സി. ജയകുമാർ, അനാട്ടമി വിഭാഗം മേധാവി ഡോ. മിന്നി പിള്ള എന്നിവർ സംസാരിച്ചു. പാർവതിയുടെ ഭർത്താവ് അഡ്വ. ശശാങ്ക് ദേവനും കുടുംബത്തിനൊപ്പം ചടങ്ങിനെത്തിയിരുന്നു.
Source link