പുലിക്കായി ദൗത്യസംഘം; ക്ഷേത്രം തുറക്കൽ നീട്ടി

ചാലക്കുടി: പുലിഭീതി നിലനിൽക്കുന്ന നഗരത്തിലെ കണ്ണമ്പുഴ പ്രദേശത്ത് ആർ.ആർ.ടി സംഘമെത്തിയതിന് പിന്നാലെ കണ്ണമ്പുഴ ക്ഷേത്രത്തിൽ ഭക്തരുടെ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി. രാവിലെ ആറരയ്ക്കായിരിക്കും നട തുറക്കൽ . വൈകീട്ട് ആറരയ്ക്ക് ക്ഷേത്രം അടയ്ക്കും. വനം വകുപ്പിന്റെ അഭ്യർത്ഥനയെ തുടർന്ന് ക്ഷേത്രം ട്രസ്റ്റിയുടേതാണ് തീരുമാനം. ക്ഷേത്രത്തിന്റെ പിന്നിലെ വിശാലമായ പറമ്പിലാണ് കെണിക്കൂട് സ്ഥാപിച്ചത്. ഇവിടെയുള്ള കടവിൽ നിന്നാണ് പുഴ കേന്ദ്രീകരിച്ചുള്ള അന്വേഷണവും.
അതേസമയം, കഴിഞ്ഞരാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായിപുലിയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞ മൂന്ന് സ്ഥലങ്ങളിൽ പരിശോധന നടത്തി. എസ്.എച്ച് കോളേജ് പരിസരത്ത് റിട്ട. ഗവ. ജീവനക്കാരൻ രാധാകൃഷ്ണന്റെ വീടിന്റെ പരിസരത്താണ് വ്യാഴാഴ്ച രാത്രി പുലിയെ കണ്ടത്. എന്നാൽ പരിശോധനയിൽ കാൽപ്പാടുകൾ കാണാനായില്ല.
മറ്റ് വീടുകളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പരിയാരം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ കൂടുതൽ പരിശോധന നടത്തി. കണ്ണമ്പുഴ, സതേൺ കോളേജ് , മൂഞ്ഞേലി എന്നിവിടങ്ങളിൽ ചാലക്കുടിപ്പുഴയെ കേന്ദ്രീകരിച്ച് പരിശോധനയുമുണ്ടായി. പുഴയിലൂടെ ഡിങ്കി ബോട്ടിൽ സഞ്ചരിച്ചുള്ള തെർമൽ കാമറ പരിശോധയും നടത്തി. . തെർമൽ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം നടത്താനാണ് അധികൃതരുടെ നീക്കം. ഡ്രോൺ പറത്തിയും നിരീക്ഷണം നടത്തും. പുലി ഭീതി നിലനിൽക്കുന്നതിനാൽ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ഫോൺ വിളികളെത്തുന്നുണ്ടെന്ന് വനപാലകർ പറഞ്ഞു.
Source link