പിഎഫ് മിനിമം പെൻഷൻ വർധന പരിഗണിക്കണമെന്ന് പാർലമെന്റ് സമിതി

ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിലെ മിനിമം പെൻഷൻ വർധിപ്പിക്കുന്ന കാര്യം തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും അടിയന്തരമായി പരിഗണിക്കണമെന്നും ഇക്കാര്യത്തിൽ മാനുഷിക പരിഗണന നൽകണമെന്നും തൊഴിൽ മന്ത്രാലയം സംബന്ധിച്ച പാർലമെന്ററി സമിതി നിർദേശിച്ചു. മിനിമം പെൻഷൻകാരുടെ പരാതികളിൽ എന്തു നടപടിയെടുത്തുവെന്നു മന്ത്രാലയം അറിയിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി.മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നതിനു ബീഡിത്തൊഴിലാളികളുടെ വരുമാന പരിധി 1.2 ലക്ഷം രൂപയിൽ നിന്ന് ഉയർത്തണമെന്നും നിർദേശിച്ചു. അടിമപ്പണി രാജ്യത്തു തുടരുന്നതിൽ സമിതി അതൃപ്തി രേഖപ്പെടുത്തി. നടപ്പു സാമ്പത്തികവർഷം 76 കുട്ടികളും 51 സ്ത്രീകളും അടക്കം 246 പേരെയാണ് അടിമപ്പണിയിൽ നിന്നു മോചിപ്പിച്ചത്. ഇതിൽ 196 പേരെ തമിഴ്നാട്ടിൽ നിന്നും 50 പേരെ രാജസ്ഥാനിൽ നിന്നുമാണു മോചിപ്പിച്ചത്.
Source link