‘മണ്ണുവിറ്റു കോടീശ്വരനാകാം, സ്വർണമുള്ള മണ്ണ്’; 5 ടണ്ണിന് 50 ലക്ഷം; ഒടുവിൽ മണ്ണുമില്ല, സ്വർണവുമില്ല

കൊച്ചി ∙ ‘മണ്ണുവിറ്റും കോടീശ്വരനാകാം, സ്വർണമുള്ള മണ്ണ്’! സ്വർണപ്പണികൾ നടക്കുന്ന സ്ഥലത്തുനിന്നു ശേഖരിച്ച മണ്ണ് അരിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്നും ആവശ്യമുള്ളവർ ബന്ധപ്പെടാനുമായിരുന്നു ഗുജറാത്ത് സ്വദേശികളുടെ പ്രചാരണം. കേൾക്കുമ്പോൾ കൊള്ളാമെന്നു തോന്നാമെങ്കിലും സംഭവം വൻ തട്ടിപ്പായിരുന്നു. 5 ടൺ മണ്ണിന് ഓർഡർ നൽകിയ തമിഴ്നാട് സ്വദേശികൾക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപ.ഗുജറാത്ത് സ്വദേശികളായ 4 പേരാണ് പണം തട്ടിയത്. ഇതിനായി പ്രതികൾക്ക് വേണ്ടിവന്നത് കുറച്ചു ചാക്ക് മണ്ണും ഏതാനും തരി സ്വർണപ്പൊടികളും മാത്രം. തമിഴ്നാട് സ്വദേശികളുടെ പരാതിയിൽ ഗുജറാത്ത് സൂറത്ത് സ്വദേശികളായ സന്ദീപ് ഹസ്മുഖ് (37), വിപുൽ മഞ്ജി (43), ധർമേഷ് (38), കൃപേഷ് (35) എന്നിവരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനു കീഴിലുള്ള നോർത്ത് ജനതാ റോഡിൽ ഗുജറാത്തിലെ സൂറത്ത് സ്വദേശികൾ വ്യാപാരത്തിനെന്ന പേരിൽ കെട്ടിടം വാടകയ്ക്കെടുത്താണ് തട്ടിപ്പിനു തുടക്കമിട്ടത്. അതിനുശേഷം 500 ചാക്കുകളിൽ മണ്ണു നിറച്ച് കെട്ടിടത്തിൽ എത്തിച്ചു. സ്വർണാഭരണ ഫാക്ടറികളിൽ നിന്നു ശേഖരിക്കുന്ന മണ്ണ് വിൽക്കുന്ന സംഘം കൊച്ചിയിലുണ്ടെന്ന് ഏജന്റുമാർ മുഖേനെ പ്രചരിപ്പിച്ചു. സ്വർണപ്പണികളും മറ്റും നടക്കുന്നിടത്തു നിന്നു മണ്ണ് ശേഖരിച്ച് അരിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത് പതിവായതിനാൽ ഈ പ്രചാരണത്തിൽ തമിഴ്നാട് നാമക്കൽ സ്വദേശികളായ സ്വർണപ്പണിക്കാർ കൊത്തി.
Source link