യു.ജി.സി കരടുചട്ടം പരിഷ്കരിക്കണം

തിരുവനന്തപുരം: യു.ജി.സിയുടെ പുതിയ കരടു നയത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക നിലപാട് യു.ജി.സിക്കും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കും കൈമാറി. കരടു നയം പുന:പരിശോധിക്കണമെന്നും കേരളത്തിന്റെ ശുപാർശകൾ ഉൾപ്പെടുത്തി പരിഷ്കരിക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.
സർവകലാശാലകളുടെ സ്വയംഭരണത്തിനുള്ള സംരക്ഷണവും അക്കാഡമിക്, ഭരണ സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരുകളുടെ പങ്ക് നിലനിറുത്തുന്നതിന് കരടു ചട്ടത്തിൽ വ്യവസ്ഥയുണ്ടാവണം. ചട്ടങ്ങൾക്ക് അന്തിമ രൂപം നൽകും മുൻപ് വിവിധ മേഖലയിലുള്ളവരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന ചർച്ചകളുണ്ടാവണം. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ വ്യവസ്ഥയുണ്ടാവണം. ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ചട്ടങ്ങൾ രൂപപ്പെടുത്തണം. അക്കാഡമിക് ഔന്നത്യം, സ്ഥാപനങ്ങളുടെ സ്വതന്ത്ര നിലപാട്, വിദ്യാഭ്യാസത്തിൽ സാമൂഹിക നീതി എന്നിവ ഉറപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു
. യു.ജി.സിയുടെ പുതിയ കരടുനയത്തെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രൊഫ പ്രഭാത് പട്നായിക്ക് അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് സർക്കാരിന്റെ നിലപാട് കൈമാറിയത്.
Source link