കാര്യോപദേശകസമിതി യോഗത്തിൽ തർക്കം; രാജ്യസഭാ അധ്യക്ഷൻ ഇറങ്ങിപ്പോയി

ന്യൂഡൽഹി ∙ രാജ്യസഭയുടെ കാര്യോപദേശകസമിതി യോഗത്തിൽനിന്ന് അധ്യക്ഷൻ ജഗ്ദീപ് ധൻകർ ഇറങ്ങിപ്പോയി. തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് ഇരട്ടിപ്പു വിഷയത്തിലും ബില്ലുകൾ പാർലമെന്ററി സമിതികളുടെ സൂക്ഷ്മ പരിശോധനയ്ക്കു വിടുന്നതു സംബന്ധിച്ചും ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് ഉപരാഷ്ട്രപതി ഇറങ്ങിപ്പോയതെന്നു പ്രതിപക്ഷ അംഗങ്ങൾ പറയുന്നു. അടുത്തയാഴ്ചത്തെ കാര്യപരിപാടി തീരുമാനിക്കാനാണു സമിതി ചേർന്നത്.സമാജ്‌വാദി പാർട്ടി എംപി റാംജിലാൽ സുമന്റെ ആഗ്രയിലെ വീടിനു നേരെ കർണി സേന ബുധനാഴ്ച നടത്തിയ ആക്രമണത്തെ ചൊല്ലി രാജ്യസഭയിൽ ഭരണ–പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കം നടന്ന ദിവസമായിരുന്നു ഇന്നലെ. രാജ്യസഭയിലെ പ്രസംഗത്തിനിടെ, രജപുത്ര ഭരണാധികാരിയായ റാണ സംഗയെ ‘വഞ്ചകൻ’ എന്നു റാംജിലാൽ സുമൻ പരാമർശിച്ചതിനെ തുടർന്നാണു സുമന്റെ വീട് ആക്രമിച്ചത്.മറുപടി പറയാൻ അവസരം നൽകണമെന്നു സുമൻ ശൂന്യവേളയിൽ ആവശ്യമുന്നയിച്ചു. അതേസമയം, സുമൻ മാപ്പു പറയണമെന്നാവശ്യപ്പെട്ടു ഭരണപക്ഷാംഗങ്ങൾ ബഹളംവച്ചു. ഇതോടെ സഭ അരമണിക്കൂറോളം നിർത്തിവച്ചു. ചോദ്യോത്തരവേളയിൽ ഇതേ ആവശ്യം സുമൻ വീണ്ടും ഉന്നയിച്ചു. പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ അടക്കം പിന്തുണച്ച് എഴുന്നേറ്റു. ചരിത്ര പുരുഷന്മാരെ അംഗീകരിക്കണമെന്നും വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്നും ജഗ്ദീപ് ധൻകർ റൂളിങ് നൽകി.
Source link